മലപ്പുറം വളാഞ്ചേരിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ

മലപ്പുറം വളാഞ്ചേരിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പ്രദേശവാസിയായ രാമകൃഷ്ണനാണ് പിടിയിലായത്. മതസ്പർദ്ധ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വളാഞ്ചേരി നെയ്തലപ്പുറം ശ്രീധർമ്മശാസ്താ ക്ഷേത്രമാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ 27ന് രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ നാഗത്താൻ രക്ഷസ് തറയാണ് തകർത്തത്. മനുഷ്യ വിസർജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഡോഗ് സ്‌ക്വോഡ്, ഫിംഗർ പ്രിന്റ്, സൈബർ സെൽ എന്നിവയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയിരുന്നു. ഇതിൽ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.ഐ രഞ്ജിത് കെ.ആർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here