ഇറാനിയന്‍ എണ്ണക്കപ്പല്‍ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക

ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ ബ്രിട്ടന്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ച കപ്പലാണ് ഇപ്പോള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്.
21 ലക്ഷം ബാരല്‍ ഇറാനിയന്‍ ക്രൂഡോയില്‍ അനധികൃതമായി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്ക കപ്പലിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി ചിലവഴിക്കാനാണ് ഇറാന്റെ ഉദ്ദേശമെന്നും അമേരിക്ക ആരോപിച്ചു. സിറിയന്‍ തുറമുഖമായ ടാര്‍ട്ടസ് ലക്ഷ്യം വെച്ച് കപ്പല്‍ നീങ്ങുന്നതായുള്ള വിശ്വസനീയ വിവരം തങ്ങള്‍ക്ക് ലഭിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് കപ്പിലനെ കുറിച്ച് നല്‍കിയ ഉറപ്പ് വിശ്വസിച്ചത് തങ്ങള്‍ക്ക് പറ്റിയ വലിയ തെറ്റാണെന്നും പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
നേരത്തേ ബ്രിട്ടന്‍ പിടിച്ചെടുത്ത ശേഷം വിട്ടയച്ച കപ്പലാണ് അമേരിക്ക ഇപ്പോള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടന്റെ പിടിയിലാകുമ്പോള്‍ ഗ്രേസ് വണ്‍ എന്നായിരുന്നു കപ്പലിന്റെ പേര്. കപ്പല്‍ ബ്രിട്ടന്‍ മോചിപ്പിച്ച ശേഷമാണ് പേര് മാറ്റി അഡ്രിയാന്‍ ഡര്‍യ വണ്‍ എന്നാക്കിയത്. കപ്പല്‍ വിട്ടയക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടന്‍ അംഗീകരിച്ചിരുന്നില്ല. പിന്നാലെ കപ്പല്‍ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here