പൗരത്വ പട്ടിക ഡൽഹിയിലും നടപ്പാക്കണമെന്ന് ബിജെപി അധ്യക്ഷൻ

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലും ഇത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും നിമയമവിരുദ്ധരായ കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസം പൗരത്വ രജിസ്‌ട്രേഷന്‍ പോലുള്ള സംവിധാനം ഡല്‍ഹിയിലും നടപ്പാക്കണം എന്നുമാണ് തിവാരിയുടെ പ്രസ്താവന.

‘അനധികൃതമായി കുടിയേറി ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ വളരെ അപകടകാരികളാണ്. സമയമാകുമ്പോള്‍ ഇവിടെയും എന്‍ആര്‍സി നടപ്പാക്കും’- മനോജ് തിവാരി പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിലും സമാനമായ ആവശ്യം തിവാരി ഉന്നയിച്ചിരുന്നു. അനധികൃതമായി കുടിയേറിയ റോഹിങ്ക്യകളുടെ അക്രമണ ഭീഷണയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അന്ന് തിവാരി പറഞ്ഞിരുന്നത്.

തിവാരിയുടെ പ്രതികരണത്തിന് എതിരെ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. ‘ബിഹാറിലെ കൈമൂറില്‍ ജനിച്ച്, യുപിയിലെ വാരണാസിയില്‍ പഠിച്ച്, മഹാരാഷ്ട്രയിലെ മുംബൈയില്‍ ജോലി ചെയ്ത്, യുപിയിലെ ഗൊരഖ്പൂരില്‍ മത്സരിച്ച്, വീണ്ടും ഡല്‍ഹിയില്‍ മത്സരിച്ച മനോജ് തിവാരിയാണ് കുടിയേറ്റക്കാരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്’- മഹിളാ കോണ്‍ഗ്രസ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top