വ്യാജ ഡോക്ടറുടെ ചികിത്സയിൽ ഡോക്ടർ മരിച്ചു; ഇരുപത് വർഷത്തിന് ശേഷം ശിക്ഷ

നെടുങ്കണ്ടത്ത് വ്യാജ ഡോക്ടറുടെ ചികിത്സയിൽ ഡോക്ടർ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടറായ പ്രതിക്ക് തടവും പിഴയും. കോട്ടയം മലയകോട്ടേജിൽ എൻ.ഐ നൈനാനെയാണ് പതിനഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ചു. തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
ഇരുപത് വർഷങ്ങൾക്ക് മുൻപാണ് സംഭവം. നെടുങ്കണ്ടത്തെ കരുണ ആശുപത്രിയിൽ 1999 മാർച്ച് 20 മുതൽ ബെഞ്ചമിൻ ഐസക് എന്ന വ്യാജപേരിൽ നൈനാൻ ചീഫ് ഫിസീഷ്യനായി വിലസുന്ന സമയം. നെടുങ്കണ്ടം കാഞ്ചന ആശുപത്രിയിലെ ഡോക്ടറും നടത്തിപ്പുകാരനുമായ പുതിയപറമ്പിൽ ഡോ. ജോസ് കുര്യൻ നെഞ്ചുവേദനയെ തുടർന്ന് നൈനാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തേടി. ജോസ് കുര്യനെ പരിശോധിച്ച നൈനാൻ ഐസിയുവിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇതിനിടെ മറ്റ് ഡോക്ടർമാർ ഇദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് തിരക്കിയപ്പോൾ നെഞ്ചുവേദനയ്ക്ക് പ്രാഥമികമായി നൽകേണ്ട മരുന്ന് പോലും നൽകിയില്ലെന്ന് വ്യക്തമായി. കേസ് ഷീറ്റ് പരിശോധിച്ചപ്പോൾ അതിൽ രോഗത്തെപ്പറ്റി ഒന്നും രേഖപ്പെടുത്തിയിരുന്നുമില്ല. ഹൃദ്രോഗ വിദഗ്ധന്റെ മേൽനോട്ടത്തിൽ ജോസ് കുര്യന് ചികിത്സ നൽകിയെങ്കിലും പിന്നീട് അദ്ദേഹം മരിച്ചു.
തുടർന്ന് പരാതി നൽകുകയും സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ നൈനാൻ വ്യാജ ഡോക്ടറാണെന്നും ചികിത്സിക്കാൻ തക്ക യോഗ്യതകളില്ലെന്നും ബോധ്യമായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിൽ നൈനാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൻപ് മറ്റൊരു കേസിൽ നൈനാൻ ശിക്ഷിക്കപ്പെട്ടിരുന്നു. നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്ത് വീട്ടിൽ കരുണാകരൻ പിള്ള മരിച്ച കേസിൽ തൊടുപുഴ സെഷൻസ് കോടതി നൈനാന് 20 വർഷം തടവും 35000 രൂപ പിഴയും വിധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here