‘രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കും’; പറഞ്ഞത് തിരുത്തി ജോസ് കെ മാണി

പാല ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എല്ലാം ശുഭകരമാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നിലപാട് തിരുത്തി ജോസ് കെ മാണി രംഗത്തെത്തിയത്.
പാല തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ജോസ് കെ മാണി പക്ഷവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ പോരു മുറുകിയിരിക്കുകയാണ്. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് പുതിയ വിവാദം. ജോസ് കെ മാണിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വാർത്തകൾക്കിടെ അതിനെ തള്ളി പി ജെ ജോസഫ് രംഗത്തെത്തി. നിഷയെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയില്ലെന്ന് ജോസഫ് വ്യക്തമാക്കി. വിവാദങ്ങൾ കൊഴുത്തതോടെ പ്രതികരണവുമായി ജോസ് കെ മാണി രംഗത്തെത്തി. വിവാദങ്ങൾ തുടർന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇതിന് തൊട്ടു പിന്നാലെ രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു.
അതേസമയം, പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസിന്റെ ചിഹ്നം രണ്ടിലയായിരിക്കും. തർക്കങ്ങൾ ഉണ്ടാകാതെ പ്രശ്‌നം പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here