മാണി സി കാപ്പൻ വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. കെ.എം മാണിയുമായി തനിക്ക് ഏറെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തിബന്ധങ്ങൾ നോക്കാതെയാണ് നിലപാടുകൾ സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതുവരെ അധികാര കസേര മോഹിച്ച് എവിടെയും പോയിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Read Also; നിഷ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പി.ജെ ജോസഫ്
എസ്എൻഡിപി യോഗത്തിന്റെ പിന്തുണയുണ്ടെങ്കിൽ തനിക്ക് വിജയം ഉറപ്പാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ നിയോജക മണ്ഡലത്തിൽ ഇത് നാലാം തവണയാണ് മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങുന്നത്. അതേ സമയം എൽഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കുകയും പ്രചാരണത്തിൽ സജീവമാകുകയും ചെയ്തിട്ടും പാലായിലെ യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
Read Also; ‘വിവാദങ്ങൾ തുടർന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും’: ജോസ് കെ മാണി
ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞെങ്കിലും പ്രഖ്യാപനം വൈകുമെന്ന സൂചനയാണ് പി.ജെ ജോസഫ് നൽകിയത്. നിഷ ജോസ് പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്നും യുഡിഎഫുമായി കൂടിയാലോചിച്ച് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നുമാണ് പി.ജെ ജോസഫ് വ്യക്തമാക്കിയത്. അതേ സമയം പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയെ നാളെ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here