കസവു മുണ്ടില്ലാതെ ന്യൂ ജെൻ പിള്ളേർക്ക് എന്തോണം ?

പളപളാ മിന്നുന്ന ഷർട്ടും കസവുകരയുള്ള മുണ്ടും. ന്യൂ ജെനറേഷന് ഓണമെന്നാൽ ഇതാണ് ട്രെൻഡ്. കാമ്പസുകളിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായപ്പോൾ കസവു മുണ്ട് തന്നെയാണ് എവിടെയും തിളങ്ങി നിൽക്കുന്നത്. മുണ്ടുടുത്തു നടക്കാൻ പൊതുവേ മടിയുള്ള യുവതലമുറയ്ക്ക് പക്ഷേ ഓണമെത്തിയാൽ പിന്നെ കസവുമുണ്ട് നിർബന്ധമാണ്. കാമ്പസുകളിലായാലും ഓഫീസുകളിലായാലും ഓണാഘോഷങ്ങളിൽ കസവുമുണ്ട് തന്നെയാണ് താരം.  ഓണാഘോഷങ്ങൾ തുടങ്ങിയതോടെ കടകളിൽ ഇപ്പോൾ കസവുമുണ്ടുകൾക്ക് വൻ ഡിമാൻഡാണ്. സ്വർണ നിറത്തിലുള്ള കരയുള്ള മുണ്ടുകൾക്കാണ് ഏറെ ആവശ്യക്കാരുള്ളത്.

സിൽവർ കരയുളള മുണ്ടുകൾക്കും വലിയ ഡിമാൻഡാണ്. ഏത് കളറിലുള്ള ഷർട്ടിനും ചേരുമെന്നതിനാലാണ് കൂടുതൽ പേരും ഇത്തരം മുണ്ടുകൾ വാങ്ങുന്നത്. കസവിനൊപ്പം ഷർട്ടിന്റെ കളറിന് സാമ്യമായ കരയുള്ള മുണ്ടുകൾക്കും ആവശ്യക്കാരേറെയാണ്.  കസവിനോട് ചേർന്ന് പ്രിന്റുകളുള്ള മുണ്ടുകളും ഇത്തവണ ട്രെൻഡാണ്. സെറ്റ് മുണ്ടുകളിലേത് പോലെ ആലിലയും മയിൽപ്പീലിയുമെല്ലാം കസവുകരയ്‌ക്കൊപ്പം ചേർത്തിരിക്കുന്നുവെന്നതാണ് ഇത്തരം മുണ്ടുകളുടെ പ്രത്യേകത. കസവുമുണ്ടുടുത്ത് നിൽക്കുന്ന സിനിമാതാരങ്ങളുടെ പരസ്യങ്ങളും ഓണക്കാലത്ത് യുവതലമുറയെ ആകർഷിക്കുന്നുണ്ട്. കര വരുന്ന ഭാഗം മടക്കാതെ നിവർന്നു കിടക്കുന്ന ‘ജയറാം സ്റ്റൈൽ’ ആണ് യുവാക്കൾക്ക്  ഏറെ പ്രിയം.

കൈത്തറി കസവ് മുണ്ടുകൾക്കും ഓണമെത്തിയതോടെ ഡിമാൻഡ് കൂടിയിട്ടുണ്ട്. കൈത്തറികളിൽ ഇഴചേർത്തെടുക്കുന്ന ഇത്തരം മുണ്ടുകൾക്ക് മാറ്റും ഗുണവും കൂടുമെന്നതാണ് പ്രധാന ആകർഷണം. ഓണം പ്രമാണിച്ച് പ്രത്യേക റിബേറ്റും കൈത്തറി മുണ്ടുകൾക്ക് ലഭിക്കും. ബാലരാമപുരം, ചേന്ദമംഗലം,കുത്താമ്പുള്ളി കൈത്തറികളിൽ നിന്നുള്ള മുണ്ടുകൾക്കാണ് ഓണക്കാലത്ത് ഏറ്റവും ഡിമാൻഡ്. കസവിന്റെ അളവ്, ഗുണം, നൂലിന്റെ ഗുണം എന്നിവയുടെ അടിസ്ഥാനത്തിലാണ് കസവുമുണ്ടുകളുടെ വില. ആയിരം രൂപ മുതൽ നാലായിരം രൂപ വരെയുള്ള കൈത്തറി കസവ് മുണ്ടുകൾ വാങ്ങാൻ കിട്ടും. യഥാർത്ഥ കസവിന് വിലയും ഗുണവും കൂടും.

ഓണക്കാലത്ത് തമിഴ്‌നാട്ടിൽ നിന്നാണ് കസവ് മുണ്ടുകൾ കൂടുതലായി കേരളത്തിലേക്കെത്തുന്നത്. ഇത്തരം മുണ്ടുകൾ 300 രൂപ മുതൽ ലഭ്യമാണ്. പണ്ടൊക്കെ മുണ്ട് ഉപയോഗിച്ച് പഴകി കീറിയാലും അതിലെ കസവ് നിറം മങ്ങുമായിരുന്നില്ല. എന്നാൽ ഇപ്പോൾ കേരളത്തിലേക്കെത്തുന്ന മുണ്ടുകൾക്കൊന്നും ഈ ഗുണമില്ല. ഓണക്കാലത്തേക്ക് വേണ്ടി മാത്രം ഉപയോഗിക്കാനായി കസവ് മുണ്ട് വാങ്ങുന്നവരിലേറെയും കുറഞ്ഞ വിലയുടെ മുണ്ടുകളാണ് തെരഞ്ഞെടുക്കുന്നത്. നഗരത്തിലെ മാളുകളിൽ തുടങ്ങി ഗ്രാമങ്ങളിലെ ചെറിയ ടെക്‌സ്‌റ്റെൽസുകളിൽ വരെ ഓണക്കാലമെത്തിയതോടെ കസവുമുണ്ടുകൾ നിറഞ്ഞു കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top