യുപിയിൽ 14 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണു ചൂഴ്ന്നെടുത്തു; അയൽക്കാരൻ അറസ്റ്റിൽ

14 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർ പ്രദേശിലെ ഝാൻസിയിലുള്ള ജലാവുണിൽ ഞായറാഴ്ച രാവിലെയാണ് വികൃതമാക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ സൂചനകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അയൽക്കാരനെ അറസ്റ്റ് ചെയ്തു. നിലവിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ നിഗമനങ്ങളിൽ എത്താൻ പൊലീസിന് കഴിയൂ.

കണ്ണ് ചൂഴ്ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി പൊലീസ് കണ്ടെത്തി. ഇത് ക്രൂരമായ ലൈംഗിക പീഡനത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പെൺകുട്ടിയുടെ അയൽക്കാരനെതിരെ നേരത്തെ തന്നെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. കൂടാതെ, ഇയാൾ തന്റെ ബന്ധുവായ ഒരു പെൺകുട്ടിയെയും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ജലാവുൺ ജില്ലയിലെ അറ്റ എന്ന സ്ഥലത്താണ് മാതാപിതാക്കളോടൊപ്പം പെൺകുട്ടി താമസിച്ച് പോന്നിരുന്നത്. ശനിയാഴ്ച പുറത്ത് ജോലി ആവശ്യത്തിനായി പോയ പെൺകുട്ടി പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുകയായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top