അച്ഛൻ കെ ജയചന്ദ്രൻ, അമ്മ ആനന്ദകനകം; മകൾ ഹിന്ദു അല്ലെന്നാരോപിച്ച് ഗുരുവായൂരിൽ വിവാഹം രജിസ്റ്റർ ചെയ്ത് കൊടുത്തില്ല: വിഷയം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

വധു ഹിന്ദു അല്ലെന്നു പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ വിസമ്മതിച്ചുവെന്ന് ആരോപണം. ക്രിസ്റ്റീന എന്ന പേരുള്ള വധു ഹിന്ദു അല്ലെന്നും ആണെന്ന് തെളിയിക്കുന്ന രേഖ സമർപ്പിച്ചാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്നും രജിസ്ട്രാർ പിടിവാശി കാണിച്ചുവെന്നാണ് ആരോപണം. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തിയ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ കെ ജയചന്ദ്രൻ്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിൻ്റെയും മകളാണ് ക്രിസ്റ്റീന എമ്പ്രെസ്സ്. ഓഗസ്റ്റ് 24നായിരുന്നു ദീപക് രാജുമായുള്ള വിവാഹം. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ചു നടത്തിയ വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇന്നു രാവിലെ ഇരുവരും ഗുരുവായൂർ നഗരസഭയിലെ രജിസ്റ്റർ ഓഫീസിലെത്തിയത്. രേഖകൾ പരിശോധിച്ച സെക്ഷൻ ക്ലാർക്ക് ക്രിസ്റ്റീന എന്ന പേര് കണ്ടതോടെ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യൻ പേരാണ്. ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ പറ്റില്ല. അതല്ല, അങ്ങനെ വേണമെങ്കിൽ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം.
തർക്കം മൂത്തതോടെ രജിസ്ട്രാർ ഇടപെട്ടു. രജിസ്ട്രാർ അവധി ആയിരുന്നതിനാൽ ഇൻ ചാർജ് ആണ് ഓഫീസിൽ ഉണ്ടായിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഇൻ ചാർജും തറപ്പിച്ചു പറഞ്ഞു. വധു ഹിന്ദു ആണെന്ന് തെളിയിക്കുന്ന രേഖകൾ അവർ കൊണ്ടു വന്നിട്ടുണ്ടായിരുന്നില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാത്രമാണ് ക്രിസ്റ്റീന ഹിന്ദു ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അത് കോഴിക്കോട് വധുവിൻ്റെ വീട്ടിലാണ്. പോയി എടുത്തു കൊണ്ടു വരണമെന്നതിനാൽ തന്നെ വധുവിൻ്റെ അമ്മ ആനന്ദകനകം ഉദ്യോഗസ്ഥരോട് തർക്കിച്ചു നോക്കിയെങ്കിലും അവർ വഴങ്ങിയില്ല. ഇടതുപക്ഷ കൗൺസിലർ സുരേഷ് വാര്യർ സെക്ഷനിലെ ഒരാളുമായി സംസാരിച്ചുവെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാൻ അവർ തയ്യാറായില്ല. ഇതോടെ വധൂവരന്മാർക്ക് നിരാശരായി തിരികെ പോകേണ്ടി വന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ഇവർ തിരികെ വന്ന് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.
വിഷയത്തിൽ ഇടപെട്ട ഗുരുവായൂരിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനും സോഷ്യൽ ആക്ടിവിസ്റ്റുമായ വേണു എടക്കഴിയൂർ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലെഴുതിയ കുറിപ്പിനെത്തുടർന്നാണ് ഇത് ചർച്ചയായത്. ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ ഹിന്ദു ആണെന്ന് തെളിയിക്കുന്ന രേഖകൾ വേണമെന്ന് നിഷ്കർഷിക്കുന്നതിൽ തെറ്റില്ലെങ്കിലും ഭരണപക്ഷ കൗൺസിലർ ഉൾപ്പെടെ ഇടപെട്ട് സാക്ഷ്യപ്പെടുത്തിയിട്ടും മതത്തിൻ്റെ പേരിൽ പിടിവാശി കാണിക്കുന്ന ബ്യൂറോക്രസിയുടെ നിലപാട് വിമർശിക്കപ്പെടേണ്ടതു തന്നെയാണ്.
വേണു എടക്കഴിയൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
അച്ഛൻ: പ്രമുഖ മാധ്യമ പ്രവർത്തകൻ, അകാലത്തിൽ അന്തരിച്ച കെ ജയചന്ദ്രൻ.. ഏഷ്യാനെറ്റ് ന്യൂസ്; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരൻ: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ആഗസ്ത് 24, 2019. വിവാഹ സൽക്കാരം: ഔട്ടർ റിങ് റോഡിലെ ഗോകുലം ശബരിയിൽ; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.
കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവർ ഗുരുവായൂർ നഗരസഭയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഞാനായിരുന്നു സാക്ഷി.
രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ വധുവിന്റെ പേരിൽ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യൻ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കിൽ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
രേഖകൾ അപ്പോൾ അവരുടെകയ്യിൽ ഇല്ല. എസ് എസ് എൽ സി സെർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന് ചേർത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയൻ വാശിപിടിച്ചിട്ടും സ്കൂൾ അധികാരികൾ അത് ചേർത്തുകയായിരുന്നു എന്ന് ആനന്ദകനകം)
വിവരം കൗൺസിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാൾ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവർ തിരിച്ചു കോഴിക്കോട്ടേക്ക് പോയി. ഇനി മറ്റൊരു ദിവസം വരും.
മത നിരപേക്ഷമായി പ്രവർത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നം. നിങ്ങൾ ഹിന്ദുവാണെങ്കിൽ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആർക്കും അറിയില്ല; പ്രത്യക്ഷത്തിൽ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാൽ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂൾ, അതിൽ കടുകിട മാറ്റം വരുത്താൻ ആർക്കും ആകില്ല!
ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങൾ മാറ്റാൻ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികൾക്കും ഒരു നിയമവും അറിയില്ല, അവർ ഉദ്യോഗസ്ഥർ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്!
വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സർക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!
(ഇക്കാര്യം അറിഞ്ഞു രണ്ടു ലാർജ്ജ് വെള്ളം ചേർക്കാതെ അടിച്ചു ജയൻ ഇപ്പോൾ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here