കറന്‍സി ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി അര്‍ജന്റീന

കറന്‍സി ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി അര്‍ജന്റീന. രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
വിദേശ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കാണ് അര്‍ജന്റീനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പരമാവധി ഇടപാടുകള്‍ അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോയിലൂടെ നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇനിമുതല്‍ പെസോ വിദേശ കറന്‍സിയാക്കി മാറ്റാന്‍ കേന്ദ്രബാങ്കിന്റെ അനുമതി വേണ്ടിവരും. എന്നാല്‍ വ്യക്തികള്‍ക്ക് അമേരിക്കന്‍ ഡോളര്‍ വാങ്ങുന്നതിന് തടസമില്ല. അതേസമയം ഒരു മാസത്തിനിടയില്‍ 7 ലക്ഷത്തിലധികം രൂപയുടെ ഇടപാടാണ് നടത്തുന്നതെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും നേരത്തേയെടുത്ത വായ്പ തിരിച്ചടക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തൊഴിലവസരങ്ങള്‍ നിലനിര്‍ത്താനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമായാണ് പുതിയ നടപടികളെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നാണയ സ്ഥിരത നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് കേന്ദ്രബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവില്‍ അര്‍ജന്റീന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പെസോ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് നിലം പതിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here