പി.എസ്.സി പരീക്ഷ ക്രമക്കേട്; അഞ്ചാം പ്രതിയെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും

പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിൽ ഇന്നലെ കീഴടങ്ങിയ അഞ്ചാം പ്രതി പി എ ഗോകുലിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും. ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്നലെ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പരീക്ഷത്തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് ഗോകുൽ. പേരൂർക്കട എസ്.എ.പി ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ ഗോകുലിന്റെ പി.എസ്.സി പരീക്ഷ സംബന്ധിച്ചും അന്വേഷണം നടത്തും. ഇതുകൂടാതെ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് അന്വേഷിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
Read Also : പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഞ്ചാം പ്രതി പൊലീസുകാരൻ ഗോകുൽ കീഴടങ്ങി
ഇന്നലെയാണ് കേസിലെ അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങുന്നത്. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ.
പിഎസ്‌സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരം എസ്എംഎസായി അയച്ചു നൽകിയത് ഗോകുലും സഫീറും ചേർന്നാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഗോകുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Read Also : പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട്; സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്
കൂടാതെ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോകുൽ ഇന്നലെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here