‘പ്രധാന സൂത്രധാരൻ പ്രണവ്, പ്രതികൾക്ക് ഉത്തരം അയച്ചുകൊടുത്തു’; പിഎസ്‌സി ക്രമക്കേടിൽ കുറ്റം സമ്മതിച്ച് ഗോകുൽ

പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിൽ അഞ്ചാം പ്രതി ഗോകുൽ കുറ്റം സമ്മതിച്ചു. ശിവരഞ്ജിത്ത് ഉൾപ്പെടെയുള്ളവർക്ക് ഉത്തരങ്ങൾ അയച്ചുകൊടുത്തു. പ്രണവാണ് പ്രധാന സൂത്രധാരനെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അതേസമയം തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസുകാരനായ ഗോകുൽ കുറ്റം സമ്മതിച്ചു. ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്ക് ഉത്തരങ്ങൾ അയച്ചുകൊടുത്തുവെന്നും ബന്ധുവിന്റെ കോച്ചിംഗ് സെന്റർ കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചനയെന്നും ഗോകുൽ അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രണവാണ് തട്ടിപ്പിലെ മുഖ്യ സൂത്രധാരനെന്നും ഗോകുൽ മൊഴി നൽകി. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങിയ ഗോകുൽ ഇപ്പോൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷാ തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തേ ഇൻവിജിലേറ്റർമാരുടെ മൊഴി എടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പിഎസ്‌സിയുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനായി പിഎസ്‌സിക്ക് കത്ത് നൽകി.
സമഗ്രമായ അന്വേഷണം വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here