മലങ്കരസഭയുടെ ഭരണഘടന അംഗീകരിക്കുന്നവർക്ക് മാത്രം പള്ളിയിൽ പ്രവേശനം; ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം

മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പിറവം പള്ളിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. പള്ളിയിൽ പ്രവേശിക്കുന്നവർ ഇക്കാര്യം പൊലീസിന് എഴുതി നൽകണമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീംകോടതി വിധി അനുസരിച്ച് പള്ളിയിൽ പ്രവേശിക്കുന്നതിന് അനുമതിതേടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
പിറവം പള്ളി കേസിൽ സുപ്രീംകോടതി വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. വിശ്വാസികളുടെ വികാരവും, മതപരമായ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ട് വിധി നടപ്പാക്കും. സഭാതർക്ക കേസിൽ 1934 ലെ ഭരണഘടന നിർബന്ധമാക്കും. ഈ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പള്ളിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.
ആരാധനാ ചടങ്ങുകൾ തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് മാത്രമേ പള്ളിയിലേക്ക്
പ്രവേശനം അനുവദിക്കൂവെന്നും പൊലീസ് പറയുന്നു. ചടങ്ങുകൾ കഴിഞ്ഞ് പതിനഞ്ച്
മിനിറ്റിനകം പള്ളിയിൽ നിന്ന്പുറത്ത് പോകണം. ഒരേ സമയം ഇരുന്നൂറ്റി അൻപതിലേറെ പേർക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കില്ല. വികാരി ഉൾപ്പെടെ പത്ത് പേർക്ക് മാത്രമാവും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിന് പ്രവേശനം നൽകാൻ കഴിയൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പൊലീസിന്റെ പാസില്ലാത്തവർക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കില്ല. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ 13 ശുപാർശകളും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. പൊലീസിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യ നൽകണം. പൊലീസ്
സംരക്ഷണത്തിനുള്ള ചെലവ് പളളി വഹിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here