പിഎസ്‌സി പരീക്ഷാ ക്രമക്കേട്; റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ പേർ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ വിവാദ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ പേർ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. സംശയമുള്ളവരുടെ കോൾ രേഖകൾ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. അതേസമയം കേസിലെ പ്രതിയായ പൊലീസുകാരൻ ഗോകുലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു.
പിഎസ്‌സി പരീക്ഷാ തട്ടിപ്പ് ആസൂത്രണം ചെയ്തത് ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കോച്ചിംഗ് സെന്ററിന്റെ സഹായത്തോടെയാണെന്ന് പിടിയിലായ പൊലീസുകാരൻ ഗോകുൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഈ വെളിപ്പെടുത്തൽ കൂടി കണക്കിലെടുത്താണ് സമാനമായ തട്ടിപ്പ് മറ്റെവിടെയെങ്കിലും നടന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഒരേ ദിവസം നടന്ന 7 ബറ്റാലിയൻ പരീക്ഷകളിലായി പതിനായിരത്തോളം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
നിലവിലുള്ള അഞ്ചുപേരെ കൂടാതെ മറ്റാരെങ്കിലും അനധികൃതമായി റാങ്ക് പട്ടികയിൽ ഇടം നേടിയോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സംശയമുള്ളവരെ നിരീക്ഷിക്കാനും കോൾ രേഖകൾ വിശദമായി പരിശോധിച്ച് അന്വേഷണം നടത്താനുമാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും അന്വേഷണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക. ഗോകുൽ പ്രതികൾക്ക് ഉത്തരം അയച്ച നൽകിയ മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി കസ്റ്റഡിയിലുള്ള ഗോകുലുമായി ക്രൈംബ്രാഞ്ച് അന്വേഷണം സംഘം ഗോകുലിന്റെ സ്വദേശമായ കല്ലറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. തട്ടിപ്പിന്റെ വ്യാപ്തി വലുതാകാൻ ഉള്ള സാധ്യത തള്ളാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here