പാലായിൽ വിമത നീക്കവുമായി ജോസഫ് വിഭാഗം; ജോസഫ് കണ്ടത്തിൽ പത്രിക നൽകി

പാലായിൽ വിമത നീക്കവുമായി പി ജെ ജോസഫ് വിഭാഗം. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ബദലായി ജോസഫ് വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയായ ജോസഫ് കണ്ടത്തിലാണ് നാമനിർദേശ പത്രിക നൽകിയത്. ജോസ് കെ മാണി പക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ടാണ് ജോസഫ് പക്ഷത്തിന്റെ നീക്കം.
രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് കടുത്ത നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പി ജെ ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും ജോസഫ് കണ്ടത്തിലിന്റെ പത്രികാ സമർപ്പണ ചടങ്ങിനെത്തിയിരുന്നു.
പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ് ജോസ് ടോം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വിമർശനവുമായി പി ജെ ജോസഫ് രംഗത്തെത്തിയിരുന്നു. പാർട്ടി അച്ചടക്ക നടപടി നേരിടുന്നയാളാണ് ജോസ് ടോമെന്നും സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്നും പി ജെ ജോസഫ് തുറന്നടിച്ചിരുന്നു. പാർട്ടി ചിഹ്നം നൽകില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. രണ്ടില ചിഹ്നത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ യുഡിഎഫ് സ്വതന്ത്രനായാകും ജോസ് ടോം മത്സരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here