ഐഎൻഎക്‌സ് മീഡിയ കേസിലും എയർസെൽ മാക്‌സിസ് കേസിലും ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതി വിധി ഇന്ന്

ഐ.എൻ.എക്‌സ് മീഡിയ കേസിലും എയർസെൽ മാക്‌സിസ് കേസിലും പി.ചിദംബരത്തിന് ഇന്ന് നിർണായക ദിനം. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതി ഇന്ന് വിധി പറയും. സിബിഐ കസ്റ്റഡി ചോദ്യം ചെയ്തു കൊണ്ടുള്ള ചിദംബരത്തിന്റെ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും.
ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിലാണ് ചിദംബരം മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇതിൽ ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ച് വിധി പറയും. ജാമ്യം അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എൻ.എക്‌സ് മീഡിയ കേസെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ നിലപാട് നിർണായകമാകും. വിധി പറഞ്ഞ ശേഷം കോടതി, സിബിഐ കസ്റ്റഡി ചോദ്യം ചെയ്തു കൊണ്ടുള്ള ചിദംബരത്തിന്റെ ഹർജി പരിഗണിക്കും. സിബിഐ കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഡൽഹി റോസ് അവന്യു കോടതിയിൽ ചിദംബരത്തെ ഹാജരാക്കും.
Read Also : ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത
ഇതിനിടെ, എയർസെൽ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്‌സ്‌മെന്റും റജിസ്റ്റർ ചെയ്ത കേസുകളിൽ ചിദംബരവും മകൻ കാർത്തി ചിദംബരവും സമർപ്പിച്ച മുൻക്കൂർ ജാമ്യാപേക്ഷകളിൽ ഡൽഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനി വിധി പറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here