പോരാടിയവരിൽ ഏറ്റവും കരുത്തനായ ബാറ്റ്സ്മാൻ ആരെന്ന് ചോദ്യം; ‘സച്ചിൻ സച്ചിൻ’ എന്ന് മുദ്രാവാക്യം വിളിച്ച് ബ്രെറ്റ് ലീ: വീഡിയോ

പോരാടിയവരിൽ ഏറ്റവും കരുത്തനായ ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ പേര് മുദ്രാവാക്യം വിളിച്ച് മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ. ലോകമെമ്പാടുമുള്ള ഗ്രൗണ്ടുകൾക്ക് ചിരപരിചിതമായ ‘സച്ചിൻ, സച്ചിൻ’ എന്ന ‘ചാൻ്റ്’ ആണ് ബ്രെറ്റ് ലീ മുഴക്കിയത്. കഴിഞ്ഞ ദിവസം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി സംവദിക്കവേ ആയിരുന്നു അദ്ദേഹത്തിൻ്റെ മുദ്രാവാക്യം.
നിറഞ്ഞ സദസ്സിൽ ഒരു പെൺകുട്ടിയാണ് ചോദ്യം ചോദിച്ചത്. അല്പസമയം കാത്തു നിന്ന പേസ് ബൗളർ ‘സച്ചിൻ സച്ചിൻ’ എന്ന് ചാൻ്റ് ചെയ്യുകയായിരുന്നു. ഹർഷാരവത്തോടെയാണ് സദസ് ബ്രെറ്റ് ലീയുടെ മറുപടി സ്വീകരിച്ചത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കേൾവിശക്തിയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾക്കാണ് പദ്ധതിയുടെ അംബാസിഡർ കൂടിയായ ബ്രെറ്റ് ലീ തൃശൂരിൽ എത്തിയത്. കോക്ലിയാർ ഇംപ്ലാന്റിന്റെ ആഗോള അംബാസിഡറാണ് ബ്രെറ്റ് ലീ. കേരളത്തിലെ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം കേൾവിശേഷി സംബന്ധിച്ച പരിശോധന നിർബന്ധമാക്കണമെന്ന് ലീ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളം ഇക്കാര്യത്തിൽ ഏറെ മുന്നിലാണെന്നും ഓരോ വർഷം കഴിയും തോറും കൂടുതൽ മെറ്റേണിറ്റി കേന്ദ്രങ്ങളിലും ആശുപത്രികളിലും നവജാത ശിശുക്കളുടെ കേൾവി ശേഷി നഷ്ടത്തെക്കുറിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുന്നത് ശുഭകരമാണെന്നും ലീ പറഞ്ഞു.
ബ്രെറ്റ് ലീയുടെ മകന് അഞ്ചാം വയസ്സിലുണ്ടായ അപകടത്തെത്തുടർന്ന് ശ്രവണ വൈകല്യമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടയിലാണ് പദ്ധതിയുമായി സഹകരിക്കാൻ അദ്ദേഹം തീരുമാനിച്ചത്. തുടർന്നാണ് കോക്ലിയറിന്റെ ബ്രാൻഡ് അംബാസിഡറായതെന്നും ലീ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here