പാലായിൽ ജോസ് ടോമിന് രണ്ടിലയില്ല; സ്വതന്ത്രനായി മത്സരിക്കും

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിന്റെ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന പത്രിക വരാണാധികാരി തള്ളി. ജോസ് ടോമിന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാം. ഇത് സംബന്ധിച്ച തീരുമാനം വരണാധികാരി പ്രഖ്യാപിച്ചു. പി ജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ 32 വർഷമായി കേരള കോൺഗ്രസ് രണ്ടില ചിഹ്നത്തിലാണ് പാലായിൽ മത്സരിച്ചിരുന്നത്.
അതേസമയം, ചിഹ്നം തനിക്ക് പ്രശ്‌നമല്ലെന്ന് ജോസ് ടോം പറഞ്ഞു. ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ജോസ് ടോം പറഞ്ഞു. തന്റെ ചിഹ്നം മാണി സാറിന്റെ മുഖമാണെന്നും താൻ യുഡിഎഫ് സ്ഥാനാർത്ഥിയാണെന്നും ജോസ് ടോം പ്രതികരിച്ചു. അതിനിടെ ചിഹ്നം നൽകാത്തത് നൂറ് ശതമാനം ശരിയായ നടപടിയാണെന്ന് പി ജെ ജോസഫ് പ്രതികരിച്ചു.
ജോസ് ടോം സമർപ്പിച്ച രണ്ട് പത്രികയിലും പിഴവുണ്ടെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പാർട്ടി സ്ഥാനാർഥിയാകാൻ ചെയർമാന്റെ അനുമതിപത്രം വേണമെന്നതായിരുന്നു ജോസഫ് വിഭാഗം മുന്നോട്ടുവച്ച വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here