അവസാന മിനിട്ടുകളിലെ തളർച്ച തുടർക്കഥയാകുന്നു; യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ഗുവാഹത്തിയില്‍ വച്ചു നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ഒമാനോട് പരാജയപ്പെട്ടത്. മത്സരത്തിലെ 82ആം മിനിട്ടു വരെ ഒരു ഗോൾ ലീഡ് നിലനിർത്തിയ ഇന്ത്യ അവസാന മിനിട്ടുകളിലാണ് രണ്ട് ഗോൾ വഴങ്ങിയത്.
ഛേത്രിയിലൂടെയാണ് ഇന്ത്യ വല ചലിപ്പിച്ചത്. ആഷിഖ് കുരുണിയനെ എതിർ താരം ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഛേത്രി ഗോളാക്കി മാറ്റിയത്. ലെഫ്റ്റ് വിംഗിൽ ബോക്സിനു പുറത്ത് ലഭിച്ച ഫ്രീകിക്ക് ബ്രണ്ടൻ ഫെർണാണ്ടസ് നിലം പറ്റെ ബോക്സിലേക്കടിച്ചു. ബ്രണ്ടൻ്റെ നീക്കം കൃത്യമായി കണക്കുകൂട്ടിയ ഛേത്രിക്ക് പന്ത് വലയിലേക്ക് തിരിച്ചു വിടേണ്ട ഉത്തരവാദിത്തമേ ഉണ്ടായിരുന്നുള്ളൂ. പുതിയ കോച്ചിനു കീഴിൽ ഇന്ത്യയുടെ ടാക്ടിക്സുകൾ വളരെ മെച്ചപ്പെട്ടു എന്ന് തെളിയിക്കുന്നതായിരുന്നു ആ ഗോൾ.
ആദ്യ പകുതിയിൽ ഛേത്രി നേടിയ ഗോളിൻ്റെ ബലത്തിൽ ഇന്ത്യ മുന്നിട്ടു നിന്നു. 82-ാം മിനിറ്റിലാണ് ഒമാൻ സമനില ഗോള്‍ നേടിയത്. ബോക്സിലേക്ക് ലഭിച്ച ത്രൂ ബോൾ അഡ്വാൻസ് ചെയ്ത് ക്ലിയർ ചെയ്യാനിറങ്ങിയ ഗോൾ കീപ്പർ ഗുർപ്രീത് സിംഗിനെ ഒരു ലോബിലൂടെ മറികടന്ന റാബിയ അലാവി അല്‍ മന്ദറാണ് ഗോള്‍ നേടിയത്. 90ആം മിനിട്ടിൽ വീണ്ടും റാബിയ സ്കോർ ചെയ്തു. ഒരു സോളോ എഫർട്ടിലൂടെ ഇടതു വിംഗിൽ നിന്നും റാബിയ ഉതിർത്ത ഷോട്ട് ഗുർപ്രീതിനെ മറികടന്നതോടെ ഇന്ത്യ അവിശ്വസനീയ തോൽവി വഴങ്ങുകയായിരുന്നു.
ഫസ്റ്റ് ഇലവനിൽ സഹൽ അബ്ദുൽ സമദ്, അനസ് എടത്തൊടിക എന്നിവർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സഹൽ സബ് ആയി ഇറങ്ങിയിരുന്നു. സെപ്റ്റംബര്‍ 10 ന് ഖത്തറിനെതിരെ ഇന്ത്യക്കു മത്സരമുണ്ട്. ദോഹയില്‍ വച്ചാണ് കളി. ഇന്ത്യയ്ക്കു വേണ്ടി 113-ാം അന്താരാഷ്ട്ര മത്സരം കളിച്ച ഛേത്രിയുടെ 73-ാം ഗോളായിരുന്നു ഒമാനെതിരെ പിറന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here