ജോസഫ് പക്ഷം ശകുനം മുടക്കികൾ; നിയോഗം വിഡ്ഢിയാകാനെന്ന് പ്രതിച്ഛായ

പി ജെ ജോസഫ് പക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ. ജോസഫ് പക്ഷം ശകുനം മുടക്കിയെന്ന് മുഖപത്രത്തിൽ വിമർശിക്കുന്നു. ഇവരുടെ നിയോഗം വിഡ്ഢിയാകാനാണ്. മാണിയല്ലാതെ മറ്റെന്ത് ചിഹ്നമെന്നും പ്രതിച്ഛായ ചോദിക്കുന്നു.
പാലാ ഉരതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം ഐക്യജനാധിപത്യ മുന്നണിക്കും കേരള കോൺഗ്രസിനും ഒരുപോലെ വെല്ലുവിളിയായിരുന്നുവെന്ന് ലേഖനം പറയുന്നു. ഇതിന്റെ പേരിൽ ഇറ്റു വീണേക്കാനിയുള്ള ചോരത്തുള്ളികൾക്ക് വേണ്ടി നാവ് നുണഞ്ഞു നടന്ന സൃഗലന്മാർ ഇളിഭ്യരായിരിക്കുകയാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കേരള കോൺഗ്രസിനും യുഡിഎഫിനും സാധിച്ചെന്നും ലേഖനം വ്യക്തമാക്കുന്നു.
കേരളം കണ്ട മഹാനായ നേതാവാണ് കെ എം മാണി. പാലായിൽ അദ്ദേഹം തുടരെ പതിമൂന്ന് തവണ വിജയിച്ചു. പാലായിൽ പാർട്ടിയുടേയും നേതാവിന്റേയും പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കരുത്തുള്ള ഒരു സ്ഥാനാർത്ഥിയാണ് വേണ്ടത്. അണപ്പല്ലുകൊണ്ടിറുമ്മുകയും മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർത്ഥിക്ക് യാതൊരു പ്രസക്തിയുമില്ല. അതു തന്നെയാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നും പ്രതിച്ഛായ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here