അനധികൃത ക്വാറികൾക്ക് അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തി സർക്കാർ അനധികൃത ക്വാറികൾക്ക് അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യവസായമന്ത്രി ഇ.പി ജയരാജനാണ് നീക്കത്തിന് പിന്നിലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. 2019 മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.
Read Also; അനധികൃത ക്വാറി; ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോട്ടുമലയിലെ സമരക്കാർ
കൃഷിയാവശ്യത്തിനോ താമസത്തിനോ വേണ്ടി പതിച്ചു നൽകിയ ഭൂമിയിൽ ഖനനത്തിന് അനുമതി നൽകുന്നതായിരുന്നു ഭേദഗതി. മന്ത്രിസഭായോഗത്തിൽ റവന്യൂമന്ത്രിയെ മറികടന്ന് വ്യവസായ മന്ത്രിയാണ് വിഷയം അവതരിപ്പിച്ചതെന്നും ഇതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്വാറി മാഫിയയ്ക്ക് അനുകൂലമായെടുത്ത ഈ തീരുമാനത്തിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്.
ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണം നിഷേധിച്ച് റവന്യൂമന്ത്രി രംഗത്തെത്തി. ക്വാറിയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ക്വാറി നിയമഭേദഗതിക്ക് യുഡിഎഫ് ശ്രമിച്ചെന്നും എന്നാൽ താൻ ഇടപെട്ട് അത് തടഞ്ഞെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here