‘ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരും’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ശബരിമലയിലെ ഭരണക്കാര്യത്തിനാണ് പ്രത്യേക നിയമനിർമാണം കൊണ്ടുവരിക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി സംസ്ഥാനസർക്കാർ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനം പരിഷ്‌കരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

പന്തളം രാജകുടുംബാംഗം രേവതിനാൾ പി. രാമവർമ രാജ സമർപ്പിച്ചിരുന്ന ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി മാത്രമായി നിയമം കൊണ്ടുവരും. അതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വം നിയമത്തിൽ ഭേദഗതി വരുത്തുമെന്ന സൂചന സർക്കാർ കോടതിക്ക് നൽകി.

ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനത്തിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അന്തിമരൂപമായി വരുന്നതായും സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. നിയമനിർമാണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്‌തമാക്കാമെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന്, ഹർജി നാലാഴ്ചത്തേക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.

ശബരിമല വിഷയത്തിൽ അകന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാൻ സിപിഎം തീവ്രശ്രമം നടത്തുന്നതിനിടെയാണ് നിലവിൽ സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More