അസൂയയും കുശുമ്പും; പോസ്റ്റിലെ ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്ക് പോസ്റ്റിനു ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം നമ്മളുടെ മൂഡിനെ ബാധിക്കാറുണ്ട്. കുറേ ലൈക്കുകൾ കിട്ടിയാൽ സന്തോഷിക്കുകയും കുറച്ച് ലൈക്കുകൾ കിട്ടുമ്പോൾ നിരാശരാവുകയും ചെയ്യുക സർവസാധാരണയാണ്. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് ഒരുപാട് ലൈക്ക് കിട്ടുമ്പോൾ നമുക്ക് കുറഞ്ഞു പോയാൽ അവരോടിത്തിരി അസൂയയും കുശുമ്പുമൊക്കെ നമുക്ക് തോന്നാറുമുണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് ഫേസ്ബുക്ക്‌.

ഉപഭോക്താക്കളുടെ സംരക്ഷണാര്‍ത്ഥം ലൈക്കുകള്‍ മറച്ചുവെയ്ക്കുന്നതിനുളള സംവിധാനം ഒരുക്കാനാണ് ഫേസ്ബുക്ക്‌ തയ്യാറെടുക്കുന്നത്. അസൂയ, പോസ്റ്റുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പോസ്റ്റുകളുടെ താരതമ്യപഠനം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഫേസ്ബുക്ക് കണക്കുകൂട്ടുന്നു. പലപ്പോഴും തന്റെ പോസ്റ്റിന് വേണ്ട റീച്ച് കിട്ടിയല്ല എന്ന് പരിതപിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. മറ്റുളളവര്‍ ഇട്ട സമാനമായ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയുമായി താരതമ്യം ചെയ്താണ് ഈ നിഗമനത്തില്‍ ചിലര്‍ എത്തുന്നത്. ഇത് ഒഴിവാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഫേസ്ബുക്ക്‌ കരുതുന്നു. തുടക്കത്തില്‍ ന്യൂസ് ഫീഡ് പോസ്റ്റുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക്‌ നീക്കം നടത്തുന്നത്.

ഫേസ്ബുക്കിന്റെ കീഴിലുളള ഇന്‍സ്റ്റാഗ്രാമില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്. കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയത്. മുഴുവന്‍ ലൈക്കിന് പകരം മ്യൂച്ചല്‍ ഫ്രണ്ട്‌സ് മാത്രം ലൈക്ക് ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top