Advertisement

‘വി ടി ബൽറാം രാജിവെച്ചിട്ടില്ല, ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരം’; രാജിവാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

4 hours ago
Google News 2 minutes Read
sunny joseph

വിവാദമായ ബിഹാർ ബീഡി എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി ടി ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്‌, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് വാർത്താകുറിപ്പിൽ പറഞ്ഞു.

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (DMC) ഭാഗമായി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എ ഐ സി സി യുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്.എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്സ് പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ട ഉടൻ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും പാർട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ്‌ പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അതനുസരിച്ച് പോസ്റ്റ്‌ നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളതെന്നും കെപിസിസി വ്യക്തമാക്കി.

ചില മാധ്യമങ്ങൾ വി ടി ബൽറാമാണ്‌ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. വി ടി ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഐഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

ബിഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സിപിഐഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

Story Highlights : VT Balram has not resigned, KPCC President Sunny Joseph denies resignation news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here