Advertisement

‘സഭാ നിയമം പാലിക്കേണ്ടത് കന്യാസ്ത്രീകൾ മാത്രമോ? സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടാലുടൻ വിവാഹം ചെയ്യണോ? വിവാദ ലേഖനവുമായി വൈദികൻ

September 7, 2019
1 minute Read

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അസീസി മാസികയിൽ തുറന്നെഴുതി കപ്പൂച്ചിൻ വൈദികൻ ഫാ. ജോർജ് വലിയപാടം. സ്വാതന്ത്ര്യങ്ങളെല്ലാം അനുഭവിക്കുന്ന വൈദികർ അതേ വ്രതങ്ങളും സന്യാസവും സ്വീകരിച്ചിട്ടുള്ള കന്യാസ്ത്രീകളെ രണ്ടാം തരക്കാരായാണ് കാണുന്നതെന്ന് ഫാദർ ജോർജ് പറയുന്നു. കപ്പൂച്ചിൻ സഭയുടെ ഉടമസ്ഥതയിലുള്ള അസീസി മാസികയുടെ പുതിയ ലക്കത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘ലൂസിയും സഭയും മാധ്യമങ്ങളും’ എന്ന തലക്കെട്ടോടെയാണ് ലേഖനമെഴുതിയിരിക്കുന്നത്. സഭയിൽ പുരുഷനും സ്ത്രീക്കും രണ്ട് നീതിയാണെന്ന് വ്യാഖ്യാനിക്കുന്നതാണ് ലേഖനം. സഭയിൽ കന്യാസ്ത്രീകൾ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊള്ളണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഒന്നിനേയും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. കന്യാസ്ത്രീകളെക്കുറിച്ചും അവരുടെ അനുസരണ -ദാരിദ്ര്യ വ്രതങ്ങളെക്കുറിച്ചും എഴുതുമ്പോഴും പറയുമ്പോഴും പുരുഷ സന്യസ്തരിൽ കാൽപനികത വന്ന് നിറയുമെന്ന് ലേഖനത്തിൽ പറയുന്നു.

പുരുഷ സന്യാസ സമൂഹങ്ങളിൽ പ്രൊവിൻഷ്യൽ സുപ്പീരയറിന് പോലും നാൽചക്ര വാഹനം ഇല്ലാതിരുന്ന എഴുപതുകളിൽ ചില അംഗങ്ങൾക്ക് ഇത്തരം വാഹനങ്ങൾ അനുവദിച്ചിരുന്നു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് പുരുഷ സന്യാസ ആശ്രമങ്ങളിൽ വാഹനങ്ങൾ നിറഞ്ഞു. സന്യസ്തരായ പുരുഷന്മാർ സാധാരണ ജനങ്ങളുടെ വസ്ത്രം ധരിച്ചും വിനോദയാത്ര പോകുകയും സിനിമ കാണുകയും ചെയ്യുന്നു. സന്യാസവസ്ത്രം, സ്ഥലം മാറ്റം, പണ കൈമാറ്റം, മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത് തുടങ്ങിയ കാര്യങ്ങളിലും പുരുഷ സന്യാസ സമൂങ്ങളിൽ ഇളവുണ്ടാകാറുണ്ടെന്നും ഫാദർ ജോർജ് വ്യക്തമാക്കുന്നു.

സമൂഹക്രമത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നതിന്റെ പേരിൽ ഒരു സന്യാസ സമൂഹത്തിൽ നിന്ന് ഒരാൾ പുറത്താക്കപ്പെട്ടാലുടനെ അവർ വിവാഹം ചെയ്ത് അൽമായരായി ജീവിക്കണമെന്നില്ല. സഭയുടെ അംഗീകാരത്തോടെ തന്നെ സന്യാസ വ്രതത്തിൽ ഒറ്റയ്ക്ക് ജോലി ചെയ്യാനും പ്രാർത്ഥിച്ചും ശുശ്രൂഷ ചെയ്തും ജീവിക്കുന്ന നിരവധി പേരുണ്ട്. വിദേശരാജ്യങ്ങളിലാണ് ഈ പ്രക്രിയയുള്ളത്. നാളെ കേരളത്തിലും ഇത് സാധ്യമായേക്കാമെന്നും കന്യാസ്ത്രീകൾ ഒറ്റയ്ക്ക് ജീവിച്ച് പ്രവർത്തിക്കും എന്നതിൽ സംശയം വേണ്ടെന്നും ലേഖനത്തിൽ പറയുന്നു. സിസ്റ്റർ ലൂസിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ അധിപനായ സമൂഹം നടത്തുന്ന മാസികയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top