പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം. പതിമൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം അടക്കം പതിനൊന്നുപേർ സ്വതന്ത്രരാണ്. മുന്നണിയെയും സ്ഥാനാർത്ഥികളെയും നോക്കിയാണ് ജനം വോട്ട് ചെയ്യുന്നതെന്ന് ജോസ് ടോം പ്രതികരിച്ചു. പൈനാപ്പിൾ മധുരമുള്ളതാണെന്നും , തെരഞ്ഞെടുപ്പ് ഫലവും മധുരിക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
അതേസമയം, പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ജോസഫ് പക്ഷം വിട്ടു നിൽക്കും. ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലെന്ന് പിജെ ജോസഫ് പറഞ്ഞു. തെറിക്കൂട്ടങ്ങൾക്കൊപ്പമിരിക്കാൻ തയ്യാറല്ലന്ന് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പനും വ്യക്തമാക്കി. തന്നെ ബാധിക്കുന്ന കാര്യമല്ലിതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ ട്വൻറി ഫോറിനോട് പറഞ്ഞു.
പാലായിൽ കേരള കോൺഗ്രസിലെ ചേരിപ്പോര് നിർണായക വഴിത്തിരിവിൽ . ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ ജോസ് കെ മാണി പക്ഷത്തിനു തിരിച്ചടി നൽകി പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കാൻ ജോസഫ് പക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ കൂക്കിവിളിച്ചതും പ്രതിച്ഛായയിലെ വിവാദ ലേഖനവുമാണ് ജോസഫ് പക്ഷത്തെ ചൊടിപ്പിച്ചത്. നിർണായക നിലപാട് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനാണ് പ്രഖ്യാപിച്ചത്. പിന്നാലെ ന്യായീകരിച്ച് പി ജെ ജോസഫുമെത്തി.
പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് നേതൃത്വം ഇടപെടണമെന്ന് സജി മഞ്ഞക്കടമ്പൻ .തന്നേയും പിജെ ജോസഫിനേയും ഭീഷണിപ്പെടുത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകി. തെറിക്കൂട്ടങ്ങൾക്കൊപ്പം ഇരിക്കില്ലെന്നും സജി പറഞ്ഞു.
പിജെ ജോസഫിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ചു നിൽക്കുകയാണ് പാലായിലെ യുഡിഎഫ് നേതൃത്വം .ജോസ് കെ മാണി പ്രാർത്ഥനക്ക് വേളാങ്കണ്ണിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here