Advertisement

വിക്രം ലാൻഡർ ചന്ദ്രന് തൊട്ടരികെ; പുലർച്ചെ 1.53ന് ലാൻഡിംഗ്

September 7, 2019
Google News 1 minute Read

ശാസ്ത്രലോകത്തെ ആകാംക്ഷയിലാഴ്ത്തി വിക്രം ലാൻഡർ ചന്ദ്രന് തൊട്ടരികെയെത്തി. ഇന്ന് പുലർച്ചെ 1.53നാണ് ലാൻഡിംഗ്. ചന്ദ്രയാൻ 2 പേടകം ചന്ദ്രനിലിറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമൊന്നടങ്കം കാത്തിരിക്കുകയാണ്.

ലാൻഡർ ചന്ദ്രനിലിറക്കുന്ന ദൗത്യത്തിൽ അവസാനത്തെ 15 മിനിറ്റുകളാണ് അതീവ നിർണായകം. ഈ സമയത്താണ് ചന്ദ്രനിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലത്തിലെത്തുന്ന ലാൻഡർ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടത്. ഉദ്വേഗത്തിന്റെ ആ പതിനഞ്ച് മിനിറ്റുകൾ വിജയകരമായി പിന്നിട്ടാൽ ഇന്ത്യ പിന്നെ ചരിത്രനേട്ടമാണ് സ്വന്തമാക്കുക.

സെപ്തംബർ 7 ന് പുലർച്ചെ നടക്കുന്ന ലാൻഡിങിന് മുന്നോടിയായി നാലു ദിവസം മുമ്പു തന്നെ ലാൻഡർ ഓർബിറ്ററിൽ നിന്ന് വേർപെടുത്തിയിരുന്നു. തുടർന്ന് മണിക്കൂറിൽ 6129 കിലോമീറ്റർ വേഗത്തിലാണ് ഭ്രമണപഥത്തിലൂടെ ലാൻഡർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ലാൻഡർ ഇറങ്ങുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. ദക്ഷിണധ്രുവത്തിലുള്ള മാൻസിനസ്‌സി, സിപ്ലിഷ്യസ്എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡർ ഇറക്കുക.

Read Also : ഉദ്വേഗത്തിന്റെ അവസാന 15 മിനിറ്റുകൾ

സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാൻഡറിന്റെ വേഗം സെക്കൻഡിൽ രണ്ടു മീറ്ററായി കുറയ്ക്കുകയെന്നതാണ് ദുഷ്‌കരമായ ലാൻഡിങിലെ ആദ്യ പടി. ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡർ തകരാൻ കാരണമാകും. ചന്ദ്രോപരിതലത്തിലേക്കുള്ള യാത്രയ്ക്കിടെ ലാൻഡർ പകർത്തുന്ന ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇറങ്ങുന്ന സ്ഥാനം നിർണയിക്കുക. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളും ദൗത്യത്തിലെ പ്രധാന വെല്ലുവിളികളിലൊന്നാണ്.

ലാൻഡർ പ്രതലത്തിൽ ഉറച്ചതിനുശേഷം സെൻസറുകളുടെ നിർദേശമനുസരിച്ച് എൻജിനുകൾ ഓഫ് ചെയ്യും. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ശേഷം നാലുമണിക്കൂറിനുള്ളിലാണ് റോവർ പുറത്തിറങ്ങുക. റോവർ ആണ് പിന്നീട് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുക. റോവറിന് ആവശ്യമായ സന്ദേശങ്ങൾ ലാൻഡർ വഴി നൽകിക്കൊണ്ടിരിക്കും. റോവറും ലാൻഡറും നൽകുന്ന സന്ദേശങ്ങൾ ബെംഗളൂരുവിലെ ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ് വർക്കിലാണ് ലഭിക്കുക. ഓർബിറ്റർ വഴിയാണ് സന്ദേശങ്ങൾ ഭൂമിയിലേക്കെത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here