Advertisement

ചന്ദ്രയാൻ; ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ

September 22, 2023
Google News 0 minutes Read
Chandrayaan-3; ISRO confirmed that no signals are being received from the lander

ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സജീവമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിയ്ക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. സാങ്കേതിക കാരണങ്ങളാൽ ശ്രമം നാളത്തേയ്ക്ക് മാറ്റിയതായി അഹമ്മദാബാദ് സ്പേസ് ആപ്ളിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായിയും അറിയിച്ചു.

ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെ സെപ്റ്റംബർ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപിങ് മോഡിലേക്ക് മാറിയിരുന്നു. മൈനസ് 180 ഡിഗ്രി സെൽഷ്യസ് എന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം എത്തുമ്പോഴേക്കും ഒരിക്കൽ കൂടി സജീവമാകുമെന്ന പ്രതീക്ഷ ഐഎസ്ആർഒ ഇപ്പോഴും പങ്കുവയ്ക്കുന്നു.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തുന്ന ഇന്ന് പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഉണരുമെന്നായിരുന്നു ഐഎസ്ആർഒയുടെ ആത്മവിശ്വാസം. എന്നാൽ, ബംഗളൂരുവിലെ കൺട്രോൾ സെൻ്ററിൽ നിന്നുള്ള സന്ദേശങ്ങൾക്ക് ലാൻഡർ ഇനിയും പ്രതികരിച്ചിട്ടില്ല. ഇക്കാര്യം ഐഎസ്ആർഒ സ്ഥിരീകരിച്ചു. എന്നാൽ ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രോ എക്സിൽ അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാണ് ചാന്ദ്രയാൻ മൂന്നിൻ്റെ ഉണർത്തൽ പ്രക്രിയ നാളത്തേയ്ക്ക് മാറ്റിയതായി അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെൻ്റർ ഡയറക്ടർ നിലേഷ് ദേശായി വ്യക്തമാക്കി.

ലാൻഡറാണ് ആദ്യം പ്രവർത്തന സജ്ജമാകേണ്ടത്. കാരണം പ്രഗ്യാൻ റോവർ ഉണർന്നാലും സന്ദേശങ്ങൾ സ്വീകരിച്ച് ഭൂമിയിലേയ്ക്ക് അയക്കേണ്ടത് വിക്രം ലാൻഡർ വഴിയാണ്. ഇതിനുള്ള ശ്രമങ്ങളാണ് ഐഎസ്ആർഒ തുടരുന്നത്. പ്രഗ്യാൻ റോവറിലെ സോളാർ പാനലുകൾ സൂര്യപ്രകാശം ആഗിരണം ചെയ്യാൻ സജ്ജമാണെന്നും അതുവഴി ബാറ്ററി റീ ചാർജ് ചെയ്ത് പ്രവർത്തന സജ്ജമാകുമെന്നും ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ലാൻഡറിൻ്റെ കാര്യത്തിലാണ് നിലവിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here