ഇന്ത്യ-അമേരിക്ക ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം; നൈസാര്‍ വിജയകരമായി വിക്ഷേപിച്ചു

നാസ-ISRO സംയുക്ത ദൗത്യമായ ഭൗമനിരീക്ഷണ ഉപഗ്രഹം നൈസറിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. GSLV എഫ്-16 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്.
നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചിലവ് 13000 കോടിയ്ക്ക് മുകളിലാണ്. ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയാണ് പ്രധാന ദൗത്യം.പ്രതികൂല കാലാവസ്ഥയിൽ പോലും പ്രവർത്തിക്കാൻ നൈസാര്‍ സാറ്റ്ലൈറ്റിനാകും.രണ്ട് ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സംവിധാനമുള്ള ഉപഗ്രഹം നാസയുടെ എൽ (L )ബാൻഡ് റഡാറും ഐ.എസ്.ആർ.ഒ യുടെ എസ് (S) ബാൻഡ് റഡാറും ചേർന്നതാണ്.
ഓരോ പന്ത്രണ്ട് ദിവസം കൂടുമ്പോഴും രാപ്പകൽ വ്യത്യാസമില്ലാതെ ഭൂമിയെ നിരീക്ഷിച്ച് ഹൈ റെസല്യൂഷനില്‍ ഉപഗ്രഹം വിവരങ്ങള്‍ കൈമാറും.12 വർഷ കാലത്തോളം നൈസാറിനായി ഐ.എസ്.ആർ.ഒയും നാസയും സംയുക്ത പ്രവർത്തനത്തിലായിരുന്നു.പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം നൈസാർ കണ്ടെത്തും.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ , സുനാമി , ഭൂകമ്പം ,അഗ്നിപർവത വിസ്ഫോടനം ,വന നശീകരണം ,തുടങ്ങി ഭൂമിക്കടിയിലെ മാറ്റങ്ങൾ ,കാര്‍ഷിക രംഗത്തുണ്ടാകുന്ന മണ്ണിലെ ഈർപ്പവും ,വിളകളുടെ വളർച്ച എന്നിവയും നൈസാറിന് നിരീക്ഷിക്കാനാകും.
ഇന്ത്യയിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താൻ നൈസാർ ഏറെ പ്രയോജനകരമാകും.ഇതിനോടൊപ്പം ഇന്ത്യയും നാസയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ദൗത്യം ഏറെ സഹായകരമാകും.
Story Highlights : Isro successfully launches Nisar mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here