മുത്തൂറ്റ് ശാഖ മാനേജർക്ക് നേരെ സിഐടിയു നേതാവിന്റെ ഭീഷണി

മുത്തൂറ്റ് ശാഖ മാനേജർക്ക് നേരെ സിഐടിയു നേതാവിന്റെ ഭീഷണി. ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജരെയാണ് സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പിപി പവനൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇനിയും ബ്രാഞ്ച് തുറന്നാൽ മുട്ടിലിഴഞ്ഞു വീട്ടിൽ പോകേണ്ടി വരുമെന്നും ഓണം കാണില്ലെന്നുമായിരുന്നു പ്രധാന ഭീഷണി.

കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്രയിലെ മുത്തൂറ്റ് ബ്രാഞ്ച് തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ജീവനക്കാരും ഇടപാടുകാരും സിഐടിയു പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിലേക്ക് എത്തിയതോടെ പൊലീസ് എത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. അന്ന് ഇടപാടുകാരുടെ ആവശ്യപ്രകാരം ബ്രാഞ്ച് തുറന്നു പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകി. അതിനു പിന്നാലെ ശനിയാഴ്ച മാനേജർ എത്തി ബ്രാഞ്ച് തുറന്നതോടെയാണ് സിഐടിയു നേതാവ് പ്രകോപിതനായത്. അദ്ദേഹം ഫോണിലൂടെ സ്വയം പരിചയപ്പെടുത്തിയാണ് ഭീഷണി മുഴക്കിയത്.

കൈനകരി സ്വദേശിയാണെന്ന് അറിയാമെന്നും സംഘടന കൃത്യമായി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഇങ്ങനെ പോയാൽ പണിവാങ്ങിക്കും എന്നുമായിരുന്നു ഭീഷണി. ബ്രാഞ്ച് മാനേജർ ഇതിനു മറുപടി നൽകാൻ തുടങ്ങിയെങ്കിലും ഇങ്ങോട്ട് പഠിപ്പിക്കേണ്ടെന്നും നേതാവ് പറയുന്നുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മത്സ്യഫെഡ് ചെയർമാനുമായ പിപി ചിത്തരഞ്ചന്റെ സഹോദരനാണ് പവനൻ. അതേസമയം ഓഡിയോ സംഭാഷണം തന്റേതല്ലെന്നാണ് പിപി പവനന്റെ വിശദീകരണം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More