‘ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾക്കുമെതിരെ വിമർശനം ഉന്നയിച്ചാൽ അത് രാജ്യദ്രോഹമാകില്ല’: ജസ്റ്റിസ് ദീപക് ഗുപ്ത

രാജ്യത്ത് ആശയസംവാദത്തിന്റെ കല അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാരിന്റെ നടപടികളിൽ വിയോജിച്ചാൽ രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന പ്രവണതയാണെന്നും സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾക്കുമെതിരെ വിമർശനം ഉന്നയിച്ചാൽ അത് രാജ്യദ്രോഹമാകില്ല. എതിർശബ്ദങ്ങളെ അമർത്തിയാൽ ഇന്ത്യ പൊലീസ് സ്റ്റേറ്റായി മാറുമെന്നും ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തിന്റെ മനോഹരമായ വശം ജനങ്ങൾക്ക് സർക്കാരിനെ ഭയക്കേണ്ടതില്ല എന്നതാണ്. അധികാരത്തിൽ ഇരിക്കുന്നവരോട് തങ്ങളുടെ അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കാൻ പൗരന്മാർക്ക് കഴിയണം. എന്നാലിപ്പോൾ രാജ്യത്ത് ആശയസംവാദത്തിന്റെ സാധ്യതകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. ആരോഗ്യപരമായ ചർച്ചകളില്ല. സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്താൽ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണതാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തുകയാണ്. ജനത്തിന്റെ ശബ്ദം അടിച്ചമർത്താൻ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ അൻപത് ശതമാനം ജനത്തിന്റെ വോട്ടു വാങ്ങിയല്ല സർക്കാർ അധികാരത്തിൽ വരുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമ്പോൾ പോലും എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദമാണെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here