ഒരുകൂട്ടം ആളുകളെ പൊലീസുകാർ ലാത്തിച്ചാർജ് ചെയ്യുന്ന വീഡിയോയ്ക്ക് പുതിയ മോട്ടോർ വാഹന നിയമഭേദഗതിയുമായി ബന്ധമില്ല; പ്രചാരണം വ്യാജം

സെപ്തംബർ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തത്. നിയമങ്ങൾ കർശനമാക്കിയും പിഴ കുത്തനെ കൂട്ടിയും കേന്ദ്രം പിടിമുറുക്കി. ഒട്ടേറെ വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് പുതിയ നിയമം പാസാക്കിയതിനു ശേഷം പൊലീസ് ആളുകളെ തല്ലി നിർബന്ധപൂർവം പിഴ ഈടാക്കുന്നു എന്ന വാർത്ത.

പൊലീസുകാർ ലാത്തി ഉപയോഗിച്ച് കുറേയധികം ആളുകളെ തല്ലുന്നതും അവരെ പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതുമാണ് വീഡിയോ. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിലർ വീഡിയോ യൂട്യൂബിലും പോസ്റ്റ് ചെയ്തു. പൊലീസ് അതിക്രമം എന്ന നിലയ്ക്കാണ് വീഡിയോ പ്രചരിക്കപ്പെട്ടത്. വീഡിയോ മൊത്തത്തിൽ കളവാണ്.

ഗുജറാത്തിലെ ആൽവാർ എന്ന സ്ഥലത്തു നിന്നുള്ള വീഡിയോ ആണിത്. ഓഗസ്റ്റ് 27നു ‘പത്രിക’ എന്ന രാജസ്ഥാൻ വാർത്ത വെബ്സൈറ്റിൽ വന്ന റിപ്പോർട്ടിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ആൽവാറിലെ രാജ് റിഷി കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിൽ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണമുയർത്തി പ്രതിഷേധ പ്രകടനം നടത്തിയവരെയാണ് പൊലീസ് മർദ്ദിക്കുന്നത്. ഓഗസ്റ്റ് 28ന് ‘രാജസ്ഥാൻ തക്’ എന്ന യൂട്യൂബ് ചാനലും സമാന വിവരണവുമായി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാണ് മോട്ടോർ വാഹന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രചരിക്കപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top