എച്ച്എൻഎല്ലിൽ ജീവനക്കാർക്ക് 11 മാസമായി ശമ്പളമില്ല; ഓണക്കിറ്റ് വിതരണം ചെയ്ത് പ്രതിഷേധം

കേന്ദ്രസർക്കാർ സ്ഥാപനമായ വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയിൽ കഴിഞ്ഞ പതിനൊന്ന് മാസമായി ജീവനക്കാർക്ക് ശമ്പളമില്ല. ഓണത്തിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പല ജീവനക്കാരും. ഓണത്തിന് ആശ്വാസമായി സിഐടിയു നേതാക്കൾ സ്ഥലത്തെത്തി ജീവനക്കാർക്ക് കിറ്റ് വിതരണം നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് എളമരം കരീം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആർഭാടമായ ചടങ്ങുകൾ ഇല്ലാതെയാണ് കിറ്റ് വിതരണം നടന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയുടെ പ്രവർത്തനവും ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ജോലി ഉള്ളതും ഇല്ലാത്തതും ഒരേ പോലെയാണെന്നാണ് അവിടെയെത്തി ജീവനക്കാരുമായി സംസാരിച്ച സിഐടിയു നേതാക്കൾ പറയുന്നത്. നേരത്തേ കമ്പനിയുടെ കൺസ്യൂമർ സ്റ്റോറിൽ നിന്നും 2000 രൂപയുടെ പ്രൊവിഷൻ നൽകുമായിരുന്നു. അതിലേക്ക് ഫണ്ട് വരാത്തതുകൊണ്ട് നിർത്തലാക്കിയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ യൂണിയനുകൾ വിഷയം ചർച്ച ചെയ്തു. സിഐടിയുവിന്റെ നേതൃത്വത്തിൽ എച്ച്എൻഎൽ ജീവനക്കാർക്ക് സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് ഡേവിസ് ട്വന്റിഫോറിനോട് പറഞ്ഞു. പത്ത് യൂണിയനുകളുമായി ഇക്കാര്യം ആലോചിച്ചു. രണ്ട് ദിവസം മുൻപ് പണം സ്വരൂപിച്ചു. 400 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 1023 പേരാണ് ഫാക്ടറിയിലുള്ളത്. ഇവർക്കായി 1025 കിറ്റുകൾ തയ്യാറാക്കി. ഓരോ കവറിലും 1000 രൂപയുടെ സാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഡേവിസ് വ്യക്തമാക്കി.
ശമ്പളം നൽകാതെ ജീവിനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സിഐടിയു ആരോപിക്കുന്നു. പ്രതിഷേധാർഹമായാണ് കിറ്റ് വിതരണം നടത്തിയതെന്നും നേതാക്കൾ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേതാവായിട്ടുള്ള യൂണിയൻ ഉണ്ട്. രാഷ്ട്രീയ മുതലെടുപ്പിനപ്പുറം ആരും വിഷയത്തിൽ ഇടപെടുന്നില്ലെന്നും ഡേവിസ് ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here