മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; സോണിയ ഗാന്ധിയും ശരത് പവാറും കൂടിക്കാഴ്ച്ച നടത്തി

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും തമ്മിലുള്ള സീറ്റു ധാരണകൾക്കായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ
ശരത് പവാറും കൂടിക്കാഴ്ച്ച നടത്തി. അതേസമയം, മഹാരാഷ്ട്ര പിസിസിയിലെ നേതാക്കളുടെ തമ്മിലടിയിൽ മനം മടുത്ത് പാർട്ടിയിൽ നിന്ന് രാജി വെച്ചുവെന്ന് ബോളിവുഡ്താരം ഊർമിള മദോന്ദ്കർ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പൂർത്തിയാകാത്തതിനാൽ സോണിയ ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു.

മഹാരാഷ്ട്രയിലെ 288ൽ കോൺഗ്രസ് 111 സീറ്റുകളിലും എൻസിപി 104 സീറ്റുകളിലും മത്സരിക്കാനാണ് നേരത്തെ ധാരണയായത്. ബാക്കിയുള്ള സീറ്റുകൾ സംബന്ധിച്ച ചർച്ചകളാണ് ശരത് പവാറും സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച്ചയിൽ നടത്തിയത്. ഡൽഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും നേതാക്കൾ രാജിവെച്ച് ശിവസേനയിലും ബിജെപിയിലും ചേരുന്ന സാഹചര്യമുൾപ്പടെ മറ്റ് രാഷ്ട്രീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

മഹാരാഷ്ട്രയിലെ സംസ്ഥാന നേതാക്കൾ തമ്മിലടിയിൽ മനം മടുത്ത് ബോളിവുഡ് താരം ഊർമിള മണ്ഡോത്കർ രാജി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കാതിരുന്നതിനെയും നേതാക്കൾ തമ്മിലുള്ള തർക്കം തുടരുന്നതിനെയും ഊർമിള വിമർശിച്ചു. ഇതിനിടെ മഹാരാഷ്ട്ര സ്‌ക്രീനിങ് കമ്മിറ്റി ചെയർമാനായ ജോതിരാദിത്യ സിന്ധ്യ തെരഞ്ഞെടുപ്പ് ചർച്ചയിലായതിനാൽ സോണിയ ഗാന്ധിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. മധ്യപ്രദേശ് പിസിസി തർക്കം പരിഹരിക്കാനായിരുന്നു സോണിയ ഗാന്ധി സിന്ധ്യയെ വിളിപ്പിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top