ദൃശ്യത്തിനു ശേഷം ജീത്തുവും മോഹൻലാലും ഒന്നിക്കുന്നു; നായികയായി തൃഷ

മലയാളത്തിൻ്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തിൽ നായികയാകുന്നത്. നവംബറില്‍ പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. ചിത്രം രണ്ടു ഷെഡ്യൂളുകളിലാണ് ചിത്രീകരിക്കുക. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷം മാത്രമേ ഈ ചിത്രത്തിൻ്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു.

മലയാളിയായി ജനിച്ച തൃഷ തെലുങ്ക് തമിഴ് സിനിമകളിലാണ് ഏറെ അഭിനയിച്ചിട്ടുള്ളത്. ഹേയ് ജൂഡിലൂടെയാണ് തൃഷ മലയാളത്തിലേക്കെത്തിയത്. രജനികാന്തിൻ്റെ നായികയായി പേട്ട എന്ന ചിത്രമാണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഗര്‍ജനൈ, സതുരംഗ വേട്ടൈ 2, പരമപഥം വിളയാട്ട്, റാങ്കി, സുഗര്‍ എന്നീ ചിത്രങ്ങളാണ് തൃഷയുടേതായി അണിയറയിലൊരുങ്ങുന്നത്.

തൃഷ ആദ്യമായി നായികയായ മലയാള ചിത്രം ഹേയ് ജൂഡ് ബോക്സോഫീസിൽ ചലനം സൃഷ്ടിച്ചിരുന്നില്ല. അതേസമയം മോഹൻലാൽ – ജീത്തു ജോസഫ് എന്ന ഹിറ്റ് കോമ്പോ വീണ്ടുമൊന്നിക്കുമ്പോൾ ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് പ്രതീക്ഷയേറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top