സുരക്ഷാ പ്രശ്നം: പാകിസ്താനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ; പരമ്പര നടത്തുമെന്ന് പാകിസ്താൻ

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. ലസിത് മലിംഗ ഉൾപ്പെടെയുള്ള 10 താരങ്ങളാണ് പാകിസ്താനിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുന്നത്. 10 പേർ കളിക്കാൻ തയ്യാറല്ല എന്നറിയിച്ചെങ്കിലും പരമ്പര നടത്തുമെന്നാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്.

2009 മാര്‍ച്ചില്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയ സംഭവം മുന്‍നിര്‍ത്തിയാണ് താരങ്ങളുടെ പിന്മാറ്റം. അന്നു മുതല്‍ പാക് മണ്ണില്‍ ക്രിക്കറ്റ് കളിക്കാന്‍ രാജ്യാന്തര ടീമുകള്‍ വിമുഖത കാട്ടി വരികയാണ്.

ഈ മാസം 27നു ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഉള്ളത്. ടി-20 നായകന്‍ ലസിത് മലിംഗ, മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ദിനേഷ് ചണ്ടിമാൽ, സുരംഗ ലക്മൽ, കുശാൽ പെരേര തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവരാണ് പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്നറിയിച്ചിരിക്കുന്നത്. പരമ്പര തീരുമാനിക്കപ്പെട്ടപ്പോൾ തന്നെ ലസിത് മലിംഗ, ഏഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്നെ എന്നിവർ പാകിസ്താനിൽ കളിക്കുന്നതിനോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇതേസമയം, മുന്‍നിര താരങ്ങളില്ലെങ്കിലും ശ്രീലങ്ക പാകിസ്താനില്‍ വെച്ച് ഏകദിന, ട്വന്റി-20 പരമ്പരകള്‍ കളിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാകിസ്താൻ പര്യടനത്തെക്കുറിച്ച് താരങ്ങളുമായി ചർച്ച ചെയ്യാൻ ശ്രീല‌ങ്കൻ ക്രിക്കറ്റ് ബോർഡ് മീറ്റിംഗ് വിളിച്ചിരുന്നു.‌ പാകിസ്താനിൽ കളിക്കുമ്പോൾ പൂർണ സുരക്ഷ ഉറപ്പാക്കാമെന്ന് ചർച്ചയ്ക്കിടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയെങ്കിലും താരങ്ങൾ, തങ്ങൾ പാകിസ്താനിൽ കളിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top