‘ആണവ ഭീഷണി ഇന്ത്യ അനുവദിക്കില്ല, സിന്ധുനദി ജലകരാറിൽ പുനരാലോചനയില്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം, ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ധൂരിൽ വീര സൈനികർക്ക് മോദി ആദരം അർപ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകിയെന്നും, അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
“ആണവ ഭീഷണി തുടർന്നാൽ, സായുധ സേന സ്വന്തം ലക്ഷ്യങ്ങൾ തീരുമാനിക്കും. അവ നടപ്പിലാക്കുന്നത് സർക്കാർ ഉറപ്പാക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങളുടെ മികവ് തെളിഞ്ഞു. ശത്രുവിന്റെ മണ്ണിൽ കയറി ഭീകരവാദ കേന്ദ്രങ്ങൾ തകർത്തുവെന്നും, പാകിസ്താന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സൈന്യം ചെയ്തു കാണിച്ചത് പതിറ്റാണ്ടുകളായി ചെയ്യാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളെ മുൻനിർത്തി രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലായിരുന്നു. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Story Highlights : Independence Day: India will not tolerate nuclear threats, PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here