കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; നഗരസഭയ്ക്ക് മുന്നിൽ രജനിയുടെ നിരാഹാരസമരം

കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തിൽ പ്രതിഷേധ സമരവുമായി രജനി. മാവേലിക്കര നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരത്തിന് രജനി തുടക്കമിട്ടു. തിരുവോണ ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. നഷ്ടപരിഹാരത്തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രജനി സമരമിരിക്കുന്നത്.
സംഭവത്തിൽ രജനിക്ക് എല്ലാ സഹായവും ചെയ്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്. സംഭവം നടന്ന് മാനങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് നിരാഹാരസമരമിരിക്കാൻ രജനി നിർബന്ധിതയായത്.
കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിൽസയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളേജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336, 337 പ്രകാരം കേസെടുത്തിട്ടുണ്ട്. ആലപ്പുഴ കുടശനാട് സ്വദേശിനിയാണ് രജനി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here