കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; രജനി സമരം അവസാനിപ്പിച്ചു

കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തിൽ ആലപ്പുഴ സ്വദേശിനി രജനി നിരാഹാര സമരം അവസാനിപ്പിച്ചു. പത്ത് ദിവസത്തിനകം ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിനെ തുടന്നാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് പാലിച്ചില്ലെങ്കിൽ പിന്നീട് കളക്ടറേറ്റ് പടിക്കൽ സമരം തുടങ്ങുമെന്നും രജനി അറിയിച്ചു.
സംഭവങ്ങൾ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര നഗരസഭയ്ക്ക് മുന്നിലാണ് രജനി നിരാഹാര സമരം ആരംഭിച്ചത്. തിരുവോണ ദിവസമായ ഇന്നായിരുന്നു സമരത്തിന് തുടക്കമിട്ടത്. രജനിയുടെ സമരം വാർത്തയായതോടെ കളക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയായിരുന്നു.
കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിൽസയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളേജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336, 337 പ്രകാരം കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here