ഓപ്പറേഷൻ വിശുദ്ധി; പിടിച്ചെടുത്തത് 98,62,950 രൂപയുടെ കള്ളപ്പണം, 220 കിലോ കഞ്ചാവ്

ഓണക്കാലത്തു എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പനയ്ക്ക് 1200ൽ ഏറെ പേർ ആറസ്റ്റിൽ. ഓപ്പറേഷൻ വിശുദ്ധി എന്ന് പേരിട്ടിരിക്കുന്ന പരിശോധനയിൽ 1482 കേസുകളെടുത്തു. 220 കിലോ കഞ്ചാവും 98 ലക്ഷം രൂപയുടെ കള്ളപ്പണവും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 12 വരെയുള്ള ഓപ്പറേഷൻ വിശുദ്ധിയുടെ കണക്കുകളാണ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് പുറത്തു വിട്ടത്. പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് 1482 അബ്കാരി കേസുകളെടുക്കുകയും 1214 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 220 കിലോ കഞ്ചാവും പിടിച്ചെടുത്തു.
Read Also : അട്ടപ്പാടിയിൽ ഒരേക്കർ കഞ്ചാവ് തോട്ടം നശിപ്പിച്ചു
കൂടാതെ സിന്തറ്റിക് മയക്കു മരുന്നുകളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി, കൊക്കയിൻ തുടങ്ങിയവ വ്യാപകമായി കണ്ടെത്തി.പെന്റാസൊസൈനും, ട്രമഡോളും പോലെയുള്ള നാർക്കോട്ടിക് ഡ്രഗ്‌സുകളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിൽ വില്പ്പന നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുടെ വിതരണം സംസ്ഥാനത്തു വർധിച്ചുവെന്നും ഓപ്പറേഷൻ വിശുദ്ധിയിൽ തെളിഞ്ഞു. 98,62,950 രൂപയുടെ കള്ളപ്പണവും കണ്ടെത്തി.
ഇത് കൂടാതെ കേരള-തമിഴ്‌നാട് അതിർത്തിയിലൂടെ അനധികൃതമായി കടത്തുന്ന കുഴൽപ്പണവും മയക്കുമരുനുകളും തട്ടിയെടുക്കാൻ പ്രത്യേക ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും എക്‌സൈസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here