ചെറുപുഴയിൽ കരാറുകാരന്റെ ആത്മഹത്യ; ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരനായ മുതുപാറക്കുന്നേൽ ജോസഫിന് കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള മുഴുവൻ തുകയും പാർട്ടി നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യ ഗഡു ഉടൻ കൈമാറാൻ ഡി.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തി. കെ കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും. കോൺഗ്രസ് നേതാക്കളുടെ പേരിൽ പ്രവർത്തിക്കുന്ന എല്ലാ ട്രസ്റ്റുകളെ കുറിച്ചും അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : കണ്ണൂരിൽ നിർമാണ കരാറുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കെ.പി.സി.സി സമിതിയോട് അഞ്ച് ദിവസത്തിനകം സമഗ്ര റിപ്പോർട്ട് നൽകാനും നിർദേശം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, കെ.പി.അനിൽകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരടങ്ങുന്ന സമിതി ജോസഫിന്റെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ബാധ്യത ഏറ്റെടുക്കാനുള്ള കെ.പി.സി.സിയുടെ തീരുമാനത്തിൽ തൃപ്തിയുണ്ടെന്ന് ജോസഫിന്റെ ബന്ധുക്കൾ. മരണം കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും ബന്ധുക്കൾ.
കോൺഗ്രസ് നേതാക്കളാണ് മരണത്തിന് ഉത്തരവാദികളെന്ന് ചൂണ്ടിക്കാട്ടി ജോസഫിന്റെ മകൻ കത്തയച്ചതിന് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റ് ജോസഫിന്റെ വീട് സന്ദർശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here