മഴ മാറിയാൽ സംസ്ഥാനം കൊടും വരൾച്ചയിലേക്കെന്ന് പഠനങ്ങൾ

ഇപ്പോൾ പെയ്യുന്ന കനത്ത മഴ മാറിയാൽ സംസ്ഥാനം നീങ്ങുന്നത് കടുത്ത വരൾച്ചയിലേക്കെന്ന് പഠനങ്ങൾ. ആറുമാസത്തോളം കേരളത്തിൽ കടുത്ത വരൾച്ചയുണ്ടാകുമെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ. മഴയുടെ സ്വഭാവത്തിലടക്കം ഇത്തവണ കാര്യമായ വ്യത്യാസമാണ് അനുഭവപ്പെടുന്നത്. നേരത്തെ ചെറിയ മഴയാണ് കേരളത്തിൽ വ്യാപകമായി ലഭിച്ചിരുന്നത്. ഇങ്ങനെ പെയ്യുന്ന മഴ മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ തുള്ളിക്കൊരു കുടമെന്ന തരത്തിൽ പെരുമഴയാണ് ഇപ്പോൾ സംസ്ഥാനത്തെങ്ങും പെയ്യുന്നത്.
ശക്തിയായി പെയ്ത് പെട്ടെന്ന് അവസാനിക്കുന്ന ഈ മഴയിൽ മഴ തോരുന്നതോടെ വെള്ളം മണ്ണിന്റെ ഉപരിതലത്തിലൂടെ ഒഴുകിപ്പോവുകയാണ് ചെയ്യുക. ഇത് വരൾച്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കൃഷി കുറഞ്ഞതും മഴവെള്ളം മണ്ണിനടിയിലേക്ക് ആഴത്തിൽ ഇറങ്ങാത്തതിന് കാരണമായിട്ടുണ്ട്. നേരത്തെ കേരളത്തിന്റെ തനത് വിളകളുടെ തായ് വേരുകൾ മണ്ണിന്റെ ആഴങ്ങളിലേക്ക് മഴവെള്ളം ഇറങ്ങിപ്പോകാൻ ഏറെ സഹായകരമായിരുന്നു. എന്നാൽ ഇത്തരം വിളകളുടെ കൃഷി പകുതിയിലധികം കുറഞ്ഞത് ഭൂമിക്കടിയിലെ ജലനിരപ്പ് കുറയ്ക്കാനിടയാക്കിയിട്ടുണ്ട്. മാത്രമല്ല തനത് വിളകൾ ഒഴിവാക്കി പുതിയ ഇനം കൃഷികൾ ആരംഭിച്ചത് വൻ തോതിൽ ഭൂഗർഭ ജലമൂറ്റലിന് കാരണമാകുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
Read Also; ചെന്നൈയെ ബാധിച്ച വരൾച്ചയിൽ ആശങ്ക പങ്കുവെച്ച് ലിയനാർഡോ ഡികാപ്രിയോ
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പ്രകൃതിയെ അനിയന്ത്രിതമായ രീതിയിൽ ചൂഷണം ചെയ്യുന്നതുമാണ് കേരളത്തിന് തിരിച്ചടിയാകുന്നതെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞർ പറയുന്നു. ഒരു നിയന്ത്രണവുമില്ലാതെ പുഴകളിൽ നിന്നുള്ള മണൽവാരലും പ്രകൃതിയുടെ ഘടനയെ തന്നെ തകർത്തുകൊണ്ടുള്ള കുന്നുകൾ ഇടിച്ചുനിരത്തലും, മരം വെട്ടലും, വനനശീകരണവുമെല്ലാം കേരളം നേരിടാൻ പോകുന്ന കൊടുംവരൾച്ചയ്ക്കുള്ള കാരണങ്ങളിൽ പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here