Advertisement

നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപനയിൽ ക്രമക്കേട്

September 14, 2019
Google News 0 minutes Read

നെടുമ്പാശേരി വിമാനതാവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപനയിൽ ക്രമക്കേട്. യാത്രക്കാരന് അനുവദിച്ചതിലധികം വിദേശ മദ്യം വിൽപന നടത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം ഡ്യൂട്ടി ഫ്രീ അധികൃതരോട് ഒരു വർഷത്തെ മദ്യവിൽപനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.

ഓണത്തോടനുബന്ധിച്ച് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം വിമാനത്താവളത്തിൽ മദ്യപരിശോധന കർശനമാക്കിയപ്പോഴാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ക്രമക്കേട് കണ്ടെത്തിയത്. ചൊവ്വാഴ്ച ഗൾഫിൽ നിന്നും കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും അനുവദിച്ചതിൽ അധികം മദ്യം കണ്ടെടുത്തിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അധികൃതരോട് കസ്റ്റംസ് ഒരാഴ്ചത്തെ മദ്യവിൽപനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. ഒരാഴ്ചത്തെ കണക്കിലും ഒരുമാസത്തെ കണക്കിലും ക്രമക്കേട് ബോധ്യപ്പെട്ടപ്പോഴാണ് പിന്നീട് ഒരു വർഷത്തെ കണക്ക് ഹാജരാക്കാനായി ഡ്യൂട്ടിഫ്രീ അധികൃതരോട് കസ്റ്റംസ് ആവശ്യപ്പെട്ടത്.

ഒരു മാസത്തെ മദ്യ വിൽപനയുടെ കണക്ക് പരിശോധിച്ചപ്പോൾ അറുപതോളം ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരന് രണ്ട് ലിറ്റർ വിദേശവമദ്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വങ്ങാവുന്നത്. പാസ്‌പോർട്ട്, യാത്രാ രേഖകൾ കമ്പ്യൂട്ടറിൽ ചേർത്ത ശേഷമാണ് മദ്യം നൽകുന്നത്. എന്നാൽ ഒരു യാത്രക്കാരന് പലപ്പോഴും രണ്ടിലധികം ലിറ്റർ മദ്യം നൽകിയതായാണ് കണ്ടെത്തൽ.

ഒരു യാത്രക്കാരന് തന്നെ വിവിധ വിമാന നമ്പറും സമയവും രേഖപ്പെടുത്തി മദ്യം നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സിയാൽ നേരിട്ടാണ് നെടുമ്പാശ്ശേരിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്നത്. സെർവർ തകരാറിലാകുമ്പോഴാണ് ഇത്തരത്തിൽ രണ്ടിലധികം ലിറ്റർ മദ്യം യാത്രക്കാർ വാങ്ങിയിരിക്കുന്നതെന്നാണ് ഇക്കാര്യത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here