ഓണാഘോഷങ്ങൾക്ക് സമാപ്തി കുറിച്ച് തൃശൂരിൽ ‘പുലികളിറങ്ങി’; മാറ്റുകൂട്ടി പെൺപുലികളും

ഓണാഘോഷങ്ങൾക്ക് സമാപ്തി കുറിച്ച് തൃശൂർ നഗരത്തിൽ ‘പുലികളിറങ്ങി’. തൃശൂർ സ്വരാജ് റൗണ്ട് യഥാർത്ഥത്തിൽ പുലിക്കളിയുടെ ആവേശത്തിലായിരുന്നു. മുന്നൂറോളം പുലികളാണ് നഗരം കീഴടക്കാനിറങ്ങിയത്. ഇക്കൂട്ടത്തിൽ മൂന്ന് പെൺപുലികളും കാഴ്ചക്കാർക്ക് വിസ്മയമായി.
ആറ് ദേശങ്ങളാണ് ഇക്കുറി രംഗത്തിറങ്ങിയത്. വിയ്യൂർ സെന്റർ, വിയ്യൂർ ദേശം, അയ്യന്തോൾ, തൃക്കുമാരകുടം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റർ എന്നീ 6 സംഘങ്ങളാണ് പങ്കെടുത്തത്. ഒരു പുലിക്കളി സംഘത്തിൽ 35 മുതൽ 51 വരെ അംഗങ്ങളുണ്ടായിരുന്നു. ആദ്യ പുലിക്കളിസംഘം 4 മണിയോടെ സ്വരാജ് റൗണ്ടിലെത്തി. വരയൻ പുലികളും പുള്ളിപ്പുലികളും പെൺപുലികളും കുട്ടിപ്പുലികളുമെല്ലാം നഗരവീഥികൾ കീഴടക്കി. നിരവധി ആളുകളാണ് പുലിക്കളി കാണാൻ തൃശൂർ നഗരത്തിൽ എത്തിയിരുന്നത്.
പുലികൾക്കൊപ്പം അമ്പരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും വിവിധ ദേശങ്ങൾ തയാറാക്കിയിരുന്നു. പുലിക്കളി കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here