ഓട്ടോറിക്ഷയായാലും സീറ്റ് ബെൽറ്റ് വേണം; ഡ്രൈവർക്ക് 1000 രൂപ പിഴ

സീറ്റ് ബെൽറ്റിടാത്തതിന് ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി. ബിഹാറിലാണ് സംഭവം. മിസഫർപുരിലെ സരൈയയിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറിൽ നിന്നാണ് 1000 രൂപ പിഴ ഈടാക്കിയത്. സീറ്റ് ബെൽറ്റ് ഇല്ലാത്ത ഓട്ടോയിൽ എങ്ങനെ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന ചോദ്യം പോലും കേൾക്കാതെയാണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പിഴയടക്കേണ്ടി വന്നത്.
അതേസമയം, ഓട്ടോറിക്ഷകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെന്നിരിക്കെ പിഴ ഈടാക്കുന്നത് ഡ്രൈവർമാർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റില്ലാതെ പിഴ ഈടാക്കുന്നതിലെ ന്യായമെന്താണെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ ചോദിക്കുന്നത്. ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമപ്രകാരമാണ് ഓട്ടോ ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കിയതെന്നാണ് പൊലീസുകാരുടെ വാദം. ഡ്രൈവർ ദരിദ്രനായതിനാൽ ഇയാളിൽ നിന്ന് ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഈടാക്കിയതെന്നും സരൈയിലെ പൊലീസുകാർ പറയുന്നു.
ഭേദഗതി ചെയ്ത മോട്ടർ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും ധരിക്കുന്നത് കർശനമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്കുള്ള പിഴയിൽ വൻ തോതിൽ വർധനയുമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here