Advertisement

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി; ഗതാഗത മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

September 16, 2019
0 minutes Read

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത്. പിഴ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടും യോഗത്തിൽ ഗതാഗത മന്ത്രിയടക്കമുള്ളവർ പരിശോധിക്കും. ഓണക്കാലത്ത് പിഴ ഈടാക്കുന്നത് ഒഴിവാക്കിയെങ്കിലും, ഇത് തുടരാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയമതടസം തുടരുന്നതിനിടെയാണ് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നത്. പിഴത്തുക പകുതിയാക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെങ്കിലും ഏതിലൊക്കെ കുറയ്ക്കാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഗതാഗത നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തുന്ന ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

നിയമോപദേശവും കേന്ദ്ര സർക്കാരിന്റെ അന്തിമനിലപാടും പരിഗണിച്ചാകും തീരുമാനം. കൂടാതെ ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഏതു വിധത്തിലാണ് ഭേദഗതി വരുത്തുന്നത് എന്ന് പരിശോധിച്ചു, നിയമവിധേയമായ മാർഗം നിർദ്ദേശിച്ചു കൊണ്ടുള്ള ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടും യോഗത്തിൽ പരിശോധിക്കും. ഉയർന്ന പിഴയിൽ ഇളവ് ഒറ്റത്തവണ നൽകിയാൽ മതിയെന്ന നിർദ്ദേശം ഗതാഗത വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. കുറ്റം ആവർത്തിച്ചാൽ ഉയർന്ന പിഴ ഈടാക്കാമെന്നാണ് ആശയം. എന്നാൽ നിയമസാധുതയുള്ള വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ ഇത് നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

പിഴയുടെ പരിധി നിശ്ചയിച്ചിട്ടുള്ള പത്തിൽ താഴെ നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കുന്നതിൽ നിയമതടസ്സമില്ല. ഇത് എത്ര വരെ കുറയ്ക്കണമെന്നു ഇന്ന് തീരുമാനമുണ്ടായേക്കും. ഓണക്കാലത്തു പിഴ ഈടാക്കണ്ട എന്ന തീരുമാനം എടുത്തെങ്കിലും, തുടർന്ന് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top