ആറളത്ത് സർവ്വകക്ഷി യോഗത്തിന് എത്തിയ വനം മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

രോക്ഷമിരമ്പി ആറളം. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ വനം മന്ത്രി എ കെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏടൂരിൽ വെച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ജില്ലാ കളക്ടർ അരുൺ കെ വിജയനും എസ്പിയും നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ആറളത്ത് എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും നാട്ടുകാർ തടഞ്ഞു. മന്ത്രി വരാതെ ജനങ്ങൾ പിരിഞ്ഞുപോകില്ലെന്ന് കെ സുധാകരൻ. പൊലീസ് പിരിഞ്ഞുപോകണമെന്നാണ് ജനങ്ങളുടെ ആവശ്യം മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുമെന്നും സുധാകരൻ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
അതേസമയം, മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം നടക്കുക.
Read Also: ആറളത്ത് പ്രതിഷേധവുമായി നാട്ടുകാർ; സ്ഥലത്തെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു
വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി,റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം – വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.
കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്നാണ് ആറളത്തെ ജനക്കൂട്ടം പറയുന്നത്. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നും ആന മതിൽ നിർമ്മാണം എത്രയും വേഗത്തിൽ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം 13 -ാം ബ്ലോക്കിലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇരുവരെയും കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്.
Story Highlights : Black flag protest against Forest Minister in Aralam farm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here