വേണ്ടി വന്നാൽ കശ്മീർ സന്ദർശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ഗുലാം നബി ആസാദിന് സന്ദർശനാനുമതി

കശ്മീർ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. വേണ്ടിവന്നാൽ കശ്മീർ സന്ദർശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ജനങ്ങൾക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന പരാതിയിന്മേലാണ് തീരുമാനം. നിലവിലെ സ്ഥിതിവിവരങ്ങൾ നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദേശം നൽകി.

ജമ്മു കശ്മീരിലെ കുട്ടികൾ നേരിട്ടുന്ന പ്രശ്‌നം ഉയർത്തിയുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. കശ്മീരിൽ കുട്ടികളെ അനധികൃതമായി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ചിലർക്ക് മർദനം ഏൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു. കടുത്ത നിയന്ത്രണങ്ങളുള്ള കശ്മീരിൽ ഹൈക്കോടതിയെ സമീപിക്കാൻ പ്രയാസമാണെന്ന് സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദി കോടതിയെ അറിയിച്ചു.

തുടർന്ന് നടപടികൾ നിർത്തിവച്ച സുപ്രീംകോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടുകയായിരുന്നു. ഹൈക്കോടതിയെ സമീപിക്കാൻ ജനങ്ങൾക്കാവുന്നില്ല എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ട് മറിച്ചാണെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അഭിഭാഷകന് കോടതി മുന്നറിയിപ്പും നൽകി. അതേസമയം, കശ്മീർ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് സുപ്രീംകോടതി അനുമതി നൽകി. ജമ്മു, ശ്രീനഗർ, അനന്ത് നാഗ്, ബരാമുള്ള എന്നിവിടങ്ങൾ ഗുലാംനബി ആസാദ് സന്ദർശിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More