ആട്ടിൻ തോലിട്ട ചെന്നായയെ പോലെ ഇടതുമുന്നണി പാലായിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചെന്നിത്തല

ആട്ടിൻതോലിട്ട ചെന്നായയെ പോലെ ഇടതുമുന്നണി പാലായിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരാഷ്ട്രീയ വാദത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പാലായിൽ മുഖ്യ ചർച്ചയാകുമെന്നും ജോസ് ടോമിന്റെ വിജയം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.
പാലായിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമല വിഷയമടക്കം മണ്ഡലത്തിൽ സജീവ ചർച്ചയാകും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും ഇടതുപക്ഷവും നിലപാട് മാറ്റിയിട്ടില്ലെന്നും വിശ്വാസികളെ എൽഡിഎഫും ബിജെപിയും വഞ്ചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ വോട്ടുറപ്പാക്കാൻ മുന്നണികളും സ്ഥാനാർത്ഥികളും തിരക്കിട്ട പര്യടനത്തിലാണ്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനായി പ്രചാരണരംഗത്ത് സജീവമായുണ്ട്. എൽഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മറ്റന്നാൾ പാലായിലെത്തും.
മണ്ഡലത്തിൽ ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനു വേണ്ടി മന്ത്രിമാരും പ്രചാരണത്തിനെത്തിയിട്ടുണ്ട്. അതേ സമയം ശബരിമല വിഷയം പാലായിലെ വോട്ടുകളെ സ്വാധീനിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here