സൗദിക്കെതിരായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാൻ; ആരോപണവുമായി അമേരിക്ക

സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ അരാംകോയിൽ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ആരോപണം. അമേരിക്കയാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇത് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിടാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

ഇറാനെതിരെ ആരോപണവുമായി യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാമനെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിൽ തീപിടുത്തമുണ്ടായത്. അബ്‌കൈക്ക്, ഖുറൈസ് എന്നിവിടങ്ങളിളെ പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി സ്ഥിരീകരിച്ചിരുന്നു. ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകളുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റാണ് ബുഖ്യാഖിലേത്. ഒരു ദിവസം ഏഴ് ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ ഇവിടെ ഉപയോഗിക്കാൻ സാധിക്കും. 2006 ഫെബ്രുവരിയിൽ ഭീകരസംഘടന അൽഖ്വയ്ദ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top